അദാനി ഗ്രൂപ്പിന്‍റെ 6000 കിലോ തൂക്കമുള്ള ഇരുമ്പ് പാലം കഷ്ണങ്ങളാക്കി മുറിച്ച് അടിച്ച് മാറ്റി, 4 പേർ അറസ്റ്റിൽ

0
165

അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം അടിച്ചുമാറ്റി മോഷ്ടാക്കൾ. മുംബൈ മലാഡിൽ ഓവ് ചാലിന് കുറുകെ വച്ചിരുന്ന 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കൾ ഇളക്കി കൊണ്ടുപോയത്. ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം ജൂണ്‍ 26ന് പുലര്‍ച്ചെയാണ് അഴിച്ചുമാറ്റി കൊണ്ടുപോയത്. അദാനി ഇലക്ട്രിസിറ്റി ഓഫീസില്‍ കേബിളുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് പോകാന്‍ ഉപയോഗിച്ചിരുന്ന പാലമാണ് കാണാതായത്. ലക്ഷങ്ങളോളം വില വരുന്ന ഇരുമ്പ്, സ്റ്റീല്‍ നിര്‍മ്മിതമാണ് ഈ പാലം.

കമ്പനി നൽകിയ പരാതിയിൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.പാലം നിര്‍മ്മിക്കാനായി കരാര്‍ കൊടുത്തിരുന്ന സ്ഥാപനത്തിലെ തൊഴിലാളിയും സഹായികളുമാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. മുറിച്ച് മാറ്റിയ പാലവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവികള്‍ ഇല്ലാതിരുന്ന ധൈര്യത്തിലായിരുന്നു മോഷണം. എന്നാല്‍ മേഖലയിലെ സര്‍വൈലന്‍സ് ക്യാമറകള്‍ പൊലീസ് അരിച്ച് പെറുക്കിയതോടെയാണ് മോഷ്ടാക്കളേക്കുറിച്ച് ധാരണ ലഭിക്കുന്നത്.

താല്‍ക്കാലികമായി പാലമായി ഉപയോഗിച്ചിരുന്ന ഈ നിര്‍മ്മിതി ക്രെയിന്‍ ഉപയോഗിച്ച് മറ്റൊരിടത്ത് വച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ചെറു കഷ്ണങ്ങളായി മുറിച്ച് കടത്തിയത്. പാലത്തിന് അടുത്തേക്ക് വലിയ വാഹനത്തിലെത്തിയ ശേഷം പാലം അഴിച്ച് മാറ്റി കടത്തുകയായിരുന്നു. പാലം കടത്തുവാനെത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്താനായതും പൊലീസിനെ സഹായിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here