ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയം അവസാനിച്ചു; രാജ്യവ്യാപക ക്യാംപയിൻ നടത്താൻ ബിജെപി

0
123

ഡൽ​ഹി: ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ അറിയിക്കാനുള്ള സമയം അവസാനിച്ചു. അവസാന ദിനമായ ഇന്നലെ വരെ 80 ലക്ഷത്തിലേറെ മറുപടികൾ ആണ് നിയമ കമ്മീഷന് ലഭിച്ചത്. എതിർപ്പറിയിച്ച് മുസ്‌ലിം സംഘടനകളടക്കം നൽകിയ മറുപടികൾ ലോ കമ്മീഷൻ ഇന്ന് മുതൽ പരിശോധിക്കും. അതേസമയം ഏക സിവിൽ കോഡ് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ ബിജെപി ഇന്നലെ ഉത്തർപ്രദേശിൽ ക്യാംപയിനു തുടക്കം കുറിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യവ്യാപക ക്യാംപയിൻ നടത്താൻ ആണ് ബിജെപി തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനം പൂർത്തിയാക്കാൻ ആണ് ബിജെപി ശ്രമം.

ഈ വർഷം ജൂൺ 14 മുതലാണ് ഏക സിവിൽ കോഡ് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് 22-ാം നിയമ കമ്മീഷൻ അഭിപ്രായം ശേഖരിച്ച് തുടങ്ങിയത്. വിവിധ മത ഗോത്ര സാമുദായിക സംഘടനകൾ ഉൾപ്പടെ അറിയിച്ച നിർദ്ദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുകയാണ് നിയമ കമ്മീഷൻ. റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറാൻ സമയം ഇനിയും നീട്ടി ചോദിക്കില്ല എന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഏക സിവിൽ കോഡ് സംബന്ധിച്ച് നടപടികളുടെ പുരോഗതി ഏതാനും ആഴ്ചകൾക്ക് മുൻപ് നിയമ കമ്മീഷൻ പാർലമെൻ്റ് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലും അറിയിച്ചിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കേണ്ടത് ഇല്ലെന്നാണ് 2018 ഓഗസ്റ്റിൽ കാലാവധി അവസാനിച്ച 21-ാം നിയമ കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചത്.

ഉത്തരാഖണ്ഡ്, സംസ്ഥാനത്തിന് മാത്രമായി ഏക സിവിൽ കോഡ് നടപ്പാക്കിയപ്പോൾ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് നാഗാലാൻഡ് പോലെയുള്ള ചില സംസ്ഥാനങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപിയായ കിരോഡി ലാൽ മീണയ്ക്ക് പിന്നാലെ ജാർഖണ്ഡിൽ നിന്നുള്ള ബിജെപി എംപിയായ സുനിൽ കുമാർ സിംഗും ഏക സിവിൽ കോഡ് രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പ് മറികടന്ന് ലോക്സഭാ സ്പീക്കർ ബിൽ അവതരിപ്പിക്കാൻ ബിജെപി അംഗത്തിന് അനുമതിയും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here