ഭര്‍ത്താവിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു; ഭാര്യ അറസ്റ്റില്‍

0
242

പിലിഭിത്ത്: ഭര്‍ത്താവിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി കനാലില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ രാം പാലാണ്(55) മരിച്ചത്.

ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം ഭാര്യ ദുലാരോ ദേവി മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞു. പിതാവിനെ കാണാനില്ലെന്ന മകന്‍ സണ്‍പാലിന്‍റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. ദുലാരോ ദേവി കുറച്ചു ദിവസങ്ങളായി ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു, ഒരു മാസം മുമ്പ് ഗ്രാമത്തിൽ തിരിച്ചെത്തിയ അവർ ഭർത്താവിനെ കാണാതായ വിവരം മകനെ അറിയിച്ചു.

സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ദുലാരോ ദേവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ഞായറാഴ്ച രാത്രി ഉറങ്ങുമ്പോൾ രാംപാലിനെ കൊലപ്പെടുത്തിയതായി പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു. ശരീരഭാഗങ്ങള്‍ സമീപത്തെ കനാലില്‍ എറിഞ്ഞതായും പറഞ്ഞു. രാംപാലിന്റെ ശരീരഭാഗങ്ങൾ വീണ്ടെടുക്കാൻ മുങ്ങൽ വിദഗ്ധരുടെ സഹായം തേടുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, മരിച്ചയാളുടെ രക്തം പുരണ്ട വസ്ത്രങ്ങളും മെത്തയും കനാലിൽ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here