ന്യൂഡല്‍ഹി: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാന്‍ ദേശീയ നിയമ കമ്മിഷന്‍ നല്‍കിയ സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ്, ഈ മാസം 28 വരെ നീട്ടിയതായി ദേശീയ നിയമ കമ്മിഷന്‍ അറിയിച്ചത്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയിരിക്കെയാണ്, ഇതുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന്‍ പൊതുജനാഭിപ്രായം തേടിയത്.
വിവിധ മതസംഘടനകളില്‍ നിന്നുള്‍പ്പെടെ 50 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ഇതിനകം കമ്മിഷനിലേക്കെത്തിയത്. വെബ്‌സൈറ്റിനു പുറമേ, രേഖാമൂലം നേരിട്ടും അഭിപ്രായങ്ങള്‍ ലഭിച്ചു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നും നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സമയം അനുവദിക്കണമെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെന്നു തോന്നിയാല്‍ നേരിട്ടുള്ള ആശയ വിനിമയത്തിനു ക്ഷണിക്കുമെന്നു കമ്മിഷനും നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇതിനു മുന്‍പുണ്ടായിരുന്ന ലോ കമ്മിഷനും പൊതുജനാഭിപ്രായം തേടിയിരുന്നു. നിലവില്‍ ഏക വ്യക്തിനിയമം അഭികാമ്യമല്ലെന്ന ശുപാര്‍ശയോടെ 2018 ല്‍ ചര്‍ച്ചാ രേഖയും പ്രസിദ്ധീകരിച്ചു. ഇതിന്റെ കാലാവധി 3 വര്‍ഷം പിന്നിട്ടതു കണക്കിലെടുത്താണ് വീണ്ടും ജനാഭിപ്രായം തേടുന്നതെന്നാണ് പുതിയ കമ്മിഷന്‍ വിശദീകരിച്ചത്.