ജയ്പൂര്: കൊലക്കേസില്‍ പ്രതിയായ ഗുണ്ടാ നേതാവിനെ ഒരു സംഘം ആളുകള്‍ വെടിവെച്ചു കൊന്നു. ബിജെപി നേതാവ് കൃപാല്‍ ജാഗിനയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ അറസ്റ്റിലായ കുല്‍ദീപ് ജഗിന എന്ന ഗുണ്ടാ നേതാവിനെയാണ് ബുധനാഴ്ച രാജസ്ഥാനിലെ ഭരത്പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് വെടിവെച്ചു കൊന്നത്. ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു കൊലപാതകം. കേസിലെ മറ്റൊരു പ്രതിയായ വിജയ്പാല്‍ എന്നയാള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.
ജയ്പൂരിലെ ജയിലില്‍ നിന്ന് ഭരത്പൂര്‍ കോടതിയിലേക്കാണ് കുല്‍ദീപ് ജഗിനയെ പൊലീസുകാര്‍ കൊണ്ടുവന്നത്. ജയ്പൂര്‍ – ആഗ്ര നാഷണല്‍ ഹൈവേയില്‍ ജില്ലാ ആസ്ഥാനത്തു നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അമോലി ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനം എത്തിയപ്പോള്‍ ഇവിടെ കാത്തിരുന്ന കൊലയാളി സംഘം പൊലീസുകാരുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏതാനും പൊലീസുകാര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഭരത്പൂര്‍ ബിആര്‍എം ആശുപത്രിയിലേക്ക് മാറ്റി.
വിചാരണയ്ക്കായി പ്രതികളെയും കൊണ്ട് പോവുകയായിരുന്ന പൊലീസ് വാഹനം ദേശീയ പാതയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം തടഞ്ഞിട്ട ശേഷമാണ് പൊലീസുകാരുടെ മുഖത്ത് മുളകു പൊടി വിതറുകയും കുല്‍ദീപ് ജഗിനയെ വെടിവെച്ചു കൊല്ലുകയും ചെയ്തത്. പല തവണ വെടിയുതിര്‍ത്ത് മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം സ്ഥലംവിട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുല്‍ദീപ് ജഗിനയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിലും പരിസരത്തും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
2022 സെപ്റ്റംബറില്‍ ബിജെപി നേതാവ് കൃപാല്‍ ജാഗിനയെ കൊലപ്പെടുത്തിയ കേസിലാണ് കുല്‍ദീപ് ജഗിന അറസ്റ്റിലാവുന്നത്. ഭരത്പൂരിലെ ഒരു സ്ഥലം സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലാണ് കൃപാല്‍ ജാഗിനയെ, കുല്‍ദീപ് ജഗിന ഉള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്ന് വെടിവെച്ചു കൊന്നത്. സംഭവം നടന്ന് 48 മണിക്കൂറിനകം തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്.