പി.​എ​സ്.​ജി പ​രി​ശീ​ല​ക​ൻ ഗാ​ൽ​റ്റി​യ​ർ ക​സ്റ്റ​ഡി​യി​ൽ

0
207

പാരിസ്: മുസ്‍ലിംകളോടും കറുത്ത വർഗക്കാരോടും വിവേചന സമീപനം സ്വീകരിച്ച പാരിസ് സെന്റ് ജെർമെയ്ൻ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറെയും ദത്തുപുത്രനെയും ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. 2021-22ൽ ഫ്രഞ്ച് ലീഗ് വണ്ണിലെ തന്നെ നീസെ ക്ലബിന്റെ പരിശീലകനായിരിക്കെയാണ് ഗാൽറ്റിയറിന്റെ വിവാദപരാമർശങ്ങൾ. ടീമിൽ വളരെയധികം മുസ്‍ലിംകളും കറുത്ത വർഗക്കാരും ഉണ്ടെന്നും ഇത് നഗരത്തിന്റെ വംശീയ പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും നീസ് ഫുട്ബാൾ ഡയറക്ടറായിരുന്ന ജൂലിയൻ ഫോർനിയറോട് പറഞ്ഞതായാണ് ആരോപണം. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഫോർനിയർ ക്ലബ് ഉടമകൾക്ക് നൽകിയ ഇ-മെയിൽ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയിരുന്നു. വംശീയാധിക്ഷേപ ആരോപണങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗാൽറ്റിയറെയും ദത്തുപുത്രൻ ജോൺ വലോവിച്ചിനെയും കസ്റ്റഡിയിൽവെച്ചിരിക്കുന്നതെന്ന് പ്രോസിക്യൂട്ടർ സേവ്യർ ബോൺഹോം അറി‍യിച്ചിരുന്നു.

ഗാൽറ്റിയർ പി.എസ്.ജിയിലേക്ക് മാറിയ ശേഷം ഈ വർഷം ആദ്യമാണ് വിവരങ്ങൾ പുറത്തുവന്നത്. ഇസ്‍ലാമോഫോബിയക്കായി പരാമർശങ്ങൾ നടത്തിയെന്ന ആരോപണം ഗാൽറ്റിയർ നിഷേധിച്ചിരുന്നു. തുടർന്ന് ഫോർനിയർക്കെതിരെ നിയമനടപടിയും സ്വീകരിച്ചു. കരാർ ബാക്കിയുണ്ടെങ്കിലും മോശം പ്രകടനത്തിന്റെ പേരിൽ ഗാൽറ്റിയറെ പി.എസ്.ജി പുറത്താക്കുമെന്ന് ഉറപ്പായിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ടാ‍യിട്ടും ശരാശരിയിലൊതുങ്ങി പി.എസ്.ജി ഈ സീസണിൽ. പതിവുപോലെ ചാമ്പ്യൻസ് ലീഗിൽ നേരത്തേ പുറത്തായ ടീം ലീഗ് വണ്ണിൽ കിരീടം നിലനിർത്തിയത് മിച്ചം.

ലീഗില്‍ പത്ത് മത്സരങ്ങളില്‍ തോറ്റിരുന്നു. ലൂയിസ് എൻറിക്വെയെ പരിശീലകനാക്കാനും നീക്കമുണ്ട്. ഗാൽറ്റിയറിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് പ്രതികരിച്ച പി.എസ്.ജി കമ്യൂണിക്കേഷൻസ് മേധാവി ജൂലിയൻ മെയ്‌നാർഡ്, അദ്ദേഹത്തിന് ക്ലബിന്റെ പൂർണപിന്തുണ അറിയിച്ചു. ഗാൽറ്റിയറിന്റെ ഉപദേശകൻ കൂടിയാണ് ദത്തുപുത്രൻ ജോൺ വലോവിച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here