പ്രധാനമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാന്‍ പ്രതിപക്ഷം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

0
137

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് പുറമേ മണിപ്പൂര്‍ വിഷയത്തില്‍ ബിആര്‍എസ് എംപി നാമാ നാഗേശ്വര റാവു സ്പീക്കര്‍ക്ക് മറ്റൊരു അവിശ്വാസ പ്രമേയ നോട്ടീസും നല്‍കിയിട്ടുണ്ട്.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനുള്ള സാധ്യതയില്ല. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ വിജയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘അംഗബലം എന്നതല്ല ഇവിടുത്തെ പ്രശ്‌നം. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകുന്നതും അഭിസംബോധന ചെയ്ത് സംസാരിക്കുകയെന്നതും ഭരണഘടനാപരമായ ഔചിത്യമാണ്. രാജ്യത്തെ പ്രധാനമന്ത്രിയുടെ സാന്നിധ്യം സഭയില്‍ ഉറപ്പാക്കാന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുന്നത് തന്നെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരമൊരു സാഹചര്യം രാജ്യം ഇതുവരെ കണ്ടിട്ടില്ല. വിചിത്രമാണ്.’ ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു.

‘എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ഒറ്റകെട്ടായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. സര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നു. എന്നാല്‍ ചര്‍ച്ചക്ക് അവര്‍ അന്തരീക്ഷം ഒരുക്കുന്നില്ല. പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരികയോ ചേംബറില്‍ ഇരിക്കുകയോ ചെയ്യുന്നില്ല.’ കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ ചേര്‍ന്നിരുന്നു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയായി. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഒന്നാം മോദിസര്‍ക്കാറിനെതിരെ 2018 ജൂലൈ 20ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍, 325-126 എന്ന വോട്ടുനിലയില്‍ പ്രമേയം പരാജയപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here