ശമ്പളം 25 ലക്ഷം രൂപ, ജോലി ലൈംഗികവേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കല്‍; സമ്മതംമൂളിയ യുവാവിന് നഷ്ടം അരലക്ഷം

0
249

കോഴിക്കോട്: വര്‍ഷത്തില്‍ 25 ലക്ഷം രൂപ ശമ്പളം, അഡ്വാന്‍സായി ശമ്പളം ഇങ്ങോട്ട് ലഭിക്കും, അതും രണ്ടുലക്ഷം രൂപ. ജോലിയോ യുവതികളെ ഗര്‍ഭം ധരിപ്പിക്കലും! കേള്‍ക്കുന്നവരാരും അമ്പരന്ന് പോകുന്ന ജോലി വാഗ്ദാനം. എന്നാല്‍, ഇതെല്ലാം ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ നമ്പറുകളാണ്. ഇത്തരം വിചിത്രമായ ജോലി വാഗ്ദാനത്തില്‍ കബളിപ്പിക്കപ്പെട്ട മാഹിയിലെ മറുനാടന്‍തൊഴിലാളിക്ക് നഷ്ടമായതാകട്ടെ അരലക്ഷത്തോളം രൂപയും.

15 വര്‍ഷമായി മാഹിയില്‍ ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ 34-കാരനാണ് അപൂര്‍വമായ ജോലി വാഗ്ദാനം വിശ്വസിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്. ലോഡ്ജിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ഉയര്‍ന്ന ശമ്പളമുള്ള ജോലിയെന്ന പരസ്യം ഫെയ്‌സ്ബുക്കില്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. കൂടുതല്‍ ശമ്പളം ലഭിക്കുമെന്ന് കരുതി പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് യുവാവ് വിളിച്ചു. ഫോണിലെ സംസാരമെല്ലാം ഹിന്ദിയിലായിരുന്നു. വിശദമായി സംസാരിച്ചതോടെ യുവതികളെ ഗര്‍ഭം ധരിപ്പിക്കലാണ് ജോലിയെന്നും ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുമെന്നും തട്ടിപ്പുകാര്‍ യുവാവിനോട് പറഞ്ഞു.

ഗര്‍ഭം ധരിക്കാത്ത സ്ത്രീകള്‍ക്ക് ലൈംഗികവേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കലാണ് ചെയ്യേണ്ട ജോലിയെന്നായിരുന്നു തട്ടിപ്പുകാരുടെ വിശദീകരണം. ഒരുവര്‍ഷം 25 ലക്ഷം രൂപ ശമ്പളമായി ലഭിക്കുമെന്ന വാഗ്ദാനവും നല്‍കി. ജോലിക്ക് സമ്മതമാണെന്ന് അറിയിച്ചാല്‍ രണ്ടുലക്ഷം രൂപ അഡ്വാന്‍സായി നല്‍കാമെന്നും പറഞ്ഞു. ലൈംഗികവേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കേണ്ട സ്ത്രീകളെ യുവാവിനെ അടുക്കല്‍ എത്തിച്ചുനല്‍കും. കൃത്രിമമാര്‍ഗങ്ങളൊന്നും സ്വീകരിക്കാതെ ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവരെന്നും ഇത്തരത്തിലുള്ള ഗര്‍ഭധാരണമാണ് തങ്ങള്‍ ചെയ്തുനല്‍കുന്നതെന്നും തട്ടിപ്പുകാര്‍ പറഞ്ഞിരുന്നു.

ജോലി എന്താണെന്നും ഉയര്‍ന്ന ശമ്പളവുമെല്ലാം കേട്ടതോടെ നേപ്പാള്‍ സ്വദേശി സമ്മതംമൂളി. ഇതോടെ ജോലി അപേക്ഷയ്ക്കുള്ള വിവരങ്ങള്‍ നല്‍കണമെന്നായി നിര്‍ദേശം. അപേക്ഷാഫീസ്, പ്രോസസിങ് ഫീ എന്നിവയെല്ലാമായി 49,500 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ക്യൂആര്‍ കോഡുകള്‍ അയച്ചുനല്‍കുമെന്നും ഇത് സ്‌കാന്‍ചെയ്ത് പണം അടയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇത് കേട്ടതോടെ പരാതിക്കാരനായ നേപ്പാള്‍ സ്വദേശി ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് അക്കൗണ്ടിലെ പണമെല്ലാം നല്‍കി. ഇതിനുപിന്നാലെ യുവാവിന്റെ അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ അയച്ചതിന്റെ ഒരുസ്‌ക്രീന്‍ഷോട്ടും തട്ടിപ്പുകാര്‍ അയച്ചുനല്‍കി. തനിക്ക് ലഭിച്ച സ്‌ക്രീന്‍ഷോട്ട് സത്യമാണെന്നായിരുന്നു നേപ്പാള്‍ സ്വദേശി ആദ്യംവിശ്വസിച്ചത്. എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍ പണമൊന്നും വന്നിട്ടില്ലെന്ന് ബോധ്യമായതോടെയാണ് സംഭവം തട്ടിപ്പാണെന്നും അക്കൗണ്ടിലുണ്ടായിരുന്ന പണമെല്ലാം നഷ്ടമായെന്നും യുവാവ് തിരിച്ചറിഞ്ഞത്.

കൈയിലെ പണമെല്ലാം നഷ്ടപ്പെട്ട് വിഷമിച്ചിരുന്ന യുവാവ് സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടെങ്കിലും എവിടെയാണ്, എങ്ങനെയാണ് പരാതി നല്‍കേണ്ടതെന്നും അറിവുണ്ടായിരുന്നില്ല. കൈയില്‍ പണമില്ലാതായതോടെ ലോഡ്ജ് ഉടമയോട് യുവാവ് പണംചോദിച്ചതാണ് തട്ടിപ്പ് പുറത്തറിയാന്‍ കാരണമായത്. എന്തിനാണ് പെട്ടെന്ന് പണത്തിന് ആവശ്യമെന്ന് ലോഡ്ജുടമ തിരക്കിയതോടെ യുവാവ് തട്ടിപ്പിനിരയായ കാര്യം തുറന്നുപറഞ്ഞു. ഇതോടെ ലോഡ്ജുടമ മുന്‍കൈയെടുത്ത് മാഹി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഉത്തരേന്ത്യകേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘമാണ് യുവാവിനെ കബളിപ്പിച്ചതെന്നാണ് മാഹി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. രാജസ്ഥാനിലെ ബാങ്കുകളിലേക്കാണ് പണം പോയിട്ടുള്ളതെന്നും ഈ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നും മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ബി. മനോജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പണം തിരിച്ചുപിടിക്കാനായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തട്ടിപ്പുസംഘത്തെ പിടികൂടാനാകുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here