തിരുവനന്തപുരം: ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ. പിടി പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷനിൽ പരാതി ലഭിച്ചതോടെയാണ് ഉത്തരവിറക്കിയത്

‘സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ഭാഗത്തു നിന്നും ഈ പരാതി കേൾക്കാൻ ഇടയായെന്നും ഇത് തീർത്തും അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മിഷനിൽ പരാതി ലഭ്യമായിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്‌കൂളുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് നിർദേശം നൽകുന്നു’- വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിൽ വ്യക്തമാക്കി.