550 കിമി മൈലേജുമായി മാരുതി ബ്രെസ; വാഹലോകത്ത് അങ്കലാപ്പ്!

0
234

ഇന്ത്യൻ വാഹനലോകത്തെ മുടിചൂടാമന്നനാണ് മാരുതി സുസുക്കി. ഉപഭോക്താക്കളുടെ വിശ്വാസം സമ്പാദിച്ച് വർഷങ്ങളായി വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനി നിരവധി ജനപ്രിയ മോഡലുകളിലൂടെ വിപണിയെ നിയന്ത്രിക്കുന്നു. ഇപ്പോഴിതാ മാരുതി സുസുക്കി തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ മാരുതി സുസുക്കി ബ്രെസയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് മാരുതി സുസുക്കി ബ്രെസ ഇവിയെ അവതരിപ്പിക്കുന്നതെന്നും വരാനിരിക്കുന്ന മാരുതി സുസുക്കി ബ്രെസ്സ ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാർജിൽ 550 കിലോമീറ്റർ ദൂരപരിധി വാഗ്ദാനം ചെയ്യുമെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. അതേസമയം ഇത്തരമൊരു വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും മാരുതി സുസുക്കി ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

വാഹനത്തിന്‍റെ പവർട്രെയിൻ ഓപ്ഷനുകളെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നുമില്ല. മോട്ടോറിന് ശക്തി നൽകുന്ന 60kWh ലിഥിയം-അയൺ ബാറ്ററിയാണ് ബ്രെസ്സ ഇവിയുടെ സവിശേഷത എന്നാണ് അഭ്യൂഹങ്ങള്‍. ഇലക്ട്രിക് എസ്‌യുവിക്ക് 320 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ടെന്നാണ് അനുമാനം. ഉയർന്ന നിലവാരത്തിലുള്ള സസ്പെൻഷൻ സംവിധാനം, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും നിങ്ങളുടെ യാത്രയുടെ സുഖം വർദ്ധിപ്പിക്കുന്നു.

മാരുതി സുസുക്കി ബ്രെസ്സ ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 15 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്നു, ഇത് ഇലക്ട്രിക് വാഹന പ്രേമികൾക്ക് ആകർഷകമായ ഓപ്ഷനാണ്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി നൂതനവുമായ ഗതാഗത പരിഹാരങ്ങൾ നൽകാനാണ് മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവിയുടെ പ്രവേശനം.

2030-31 സാമ്പത്തിക വർഷത്തോടെ രാജ്യത്ത് ആറ് ഇലക്ട്രിക് വാഹനങ്ങൾ (ഇവി) അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. നിലവിൽ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി പെട്രോൾ എഞ്ചിനുകളും സിഎൻജി സാങ്കേതികവിദ്യയും ഉള്ള വാഹനങ്ങൾ മാത്രമാണ് ഓപ്ഷണലായി വാഗ്‍ദാനം ചെയ്യുന്നത്. ഇന്ത്യൻ ഇലക്‌ട്രിക് കാർ ഫീൽഡ് പൂർണ്ണമായും ടാറ്റ മോട്ടോഴ്‌സാണ് ആധിപത്യം പുലർത്തുന്നത്. എന്നാൽ മാരുതി സുസുക്കി ഈ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിന് മാത്രമല്ല, അതിൽ ശക്തമായ പങ്കാളിത്തം നേടാനും തീരുമാനിച്ചിരിക്കുകയാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഇവിഎക്സ് കൺസെപ്റ്റ് ഇലക്‌ട്രിക് വാഹനവും പരീക്ഷണ ഓട്ടത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒപ്പം വാഗൺആർ ഇലക്‌ട്രിക്ക് പതിപ്പും നിരവധി തവണ പരീക്ഷണ ഓട്ടങ്ങളിൽ കണ്ടിട്ടുണ്ട്.

ഇത്രകാലവും ഇലക്ട്രിക്ക് വാഹനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയും സിഎൻജി മോഡലുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമായിരുന്നു മാരുതി സുസുക്കിയുടേത്. എന്നാൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് മോഡലിനെ കമ്പനി അവഗണിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. രാജ്യത്തെ ആദ്യത്തെ മാരുതി സുസുക്കി ഇവി 2024-25 സാമ്പത്തിക വർഷത്തിൽ ഇറങ്ങും. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച eVX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ വാഹനം പരീക്ഷണത്തിലാണ്. ഇതൊരു ഇലക്ട്രിക്ക് ക്രോസോവര്‍ ആയിരിക്കുമെന്നും ബ്രെസയുടെ ഇലക്ട്രിക്ക് പതിപ്പ് ആയിരിക്കുമെന്നുമൊക്കെയാണ് അഭ്യൂഹങ്ങള്‍. ഈ മോഡല്‍ ടാറ്റാ നെക്സോണ്‍ ഇവിയെ ആയിരിക്കും മുഖ്യമായും നേരിടുക.

അതേസമയം ബ്രെസ ഇവിയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചില ചിത്രങ്ങല്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വൈറലായ ഈ ചിത്രങ്ങള്‍ ഡിജിറ്റല്‍ ആര്‍ടിസ്റ്റായ എസ്‍ആര്‍കെ ഡിസൈൻസിന്‍റെ റെൻഡറിംഗ് വീഡിയോയില്‍ നിന്നുള്ള ഡിസൈനുകളാണ്. രാജ്യത്തെ ജനപ്രിയ കാറുകളുടെ പുനർരൂപകൽപ്പന ചെയ്‍ത നിരവധി പതിപ്പുകൾക്കൊപ്പം വരാനിരിക്കുന്ന കാറുകളുടെ ഡിജിറ്റൽ പതിപ്പുകളും പങ്കിടുന്ന ജനപ്രിയ ഡിജിറ്റൽ ആർട്ടിസ്റ്റാണ് എസ്‍ആര്‍കെ ഡിസൈൻസ്. ബ്രെസയെ ഇവിഎക്സ് കണ്‍സെപ്റ്റിനോട് സംയോജിപ്പിച്ചുകൊണ്ട് എസ്‍ആര്‍കെ ഡിസൈൻസ് പങ്കിട്ട വീഡിയോയില്‍ നിന്നുള്ള ചിത്രങ്ങളാണ് ബ്രെസ ഇവിയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here