ഉമ്മുൽഖുവൈൻ∙ അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ച ഭാഗ്യവാൻ കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീനെയും കുടുംബത്തെയും തേടിയെത്തിയത് നിരവധി ഫോൺകോളുകൾ. ഭാഗ്യവാന് ആശംസകൾ നേരാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും മാത്രമല്ല സഹായം തേടിയും അനവധി പേർ വിളിച്ചു. ആദ്യഘട്ടത്തിൽ മുഹമ്മദലി മൊയ്തീൻ തനിച്ചാണ് ടിക്കറ്റ് എടുത്തതെന്ന് വിചാരിച്ചാണ് പലരും സഹായം തേടി വിളിച്ചത്. പിന്നീട് പത്ത് പേർ ചേർന്നാണ് ടിക്കറ്റ് എടുത്തതാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. ഇതോടെ സഹായം തേടിയുള്ള ഫോൺ വിളികൾ കുറഞ്ഞതായി മുഹമ്മദലി മൊയ്തീന് വേണ്ടി ടിക്കറ്റെടുത്ത മകളുടെ ഭർത്താവ് നിഹാൽ പറമ്പത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
ഉമ്മുൽഖുവൈനിലെ ഒരു കെട്ടിട നിർമാണ കമ്പനിയിൽ അക്കൗണ്ടന്റായ മുഹമ്മദലിക്ക് കുറച്ച് പേർക്ക് എങ്കിലും ജോലി കൊടുക്കുന്ന രീതിയിൽ കെട്ടിട നിർമാണ മേഖലയിൽ ബിസിനിസ് തുടങ്ങണമെന്നാണ് ആഗ്രഹം. ഭാഗ്യം തേടിയെത്തിയ സുഹൃത്തുക്കളും ബന്ധുക്കളുമായ പലർക്കും ബിസിനിസ് മോഹങ്ങളുണ്ട്. ചിലർക്ക് കടബാധ്യതകൾ തീർത്ത ശേഷം മുന്നോട്ടുള്ള ജീവിതത്തിന് സമ്മാനതുക പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയാണുള്ളത്.
സമ്മാനം ലഭിച്ചെങ്കിലും പതിവു പോലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ലോട്ടറി എടുക്കുന്നത് തുടരുമെന്ന് നിഹാൽ മനോരമ ന്യൂസിനോട് പറഞ്ഞു. ഇതിനായി ഒരു സൗഹൃദകൂട്ടായ്മുണ്ട്. എല്ലാ മാസവും ഇവരുമായി ആലോചിച്ചാണ് ടിക്കറ്റ് എടുക്കുന്നത്. അതേ രീതി തന്നെയാണ് ഇനിയും തുടരാൻ ആഗ്രഹിക്കുന്നതെന്നും നിഹാൽ വ്യക്തമാക്കി.
അടുത്ത മാസം മൂന്നിനാണ് മുഹമ്മദലി സമ്മാനത്തുകയുടെ ചെക്ക് ഏറ്റുവാങ്ങുക. ഇതിന് ശേഷം കുടുംബാംഗങ്ങളുടെയെും സുഹൃത്തുക്കളുടെയെും കൂടെ ഭാഗ്യം തേടിയുളള യാത്ര തുടുരുന്നതിനൊപ്പം പുതിയ സ്വപ്നങ്ങളിലേക്ക് മുഹമ്മദലി ചുവട് വയ്ക്കും.