മഞ്ചേശ്വരം: കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന തെരഞ്ഞെടുത്തു. ഏപ്രിൽ, മെയ് മാസങ്ങളിലെ പ്രവർത്തനത്തിന് ജില്ലയിലെ മികച്ച എസ്.ഐ ആയി മഞ്ചേശ്വരം എസ്.ഐ അൻസറിനെ കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൈവളിഗെയിലെ പ്രഭാകരനൊണ്ടയെ സഹോദരൻ അടക്കമുള്ള ക്വടേഷൻ സംഘം കിടന്നുറങ്ങുമ്പോൾ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളെ 34 മണിക്കൂറിനകം ആയുധങ്ങൾ സഹിതം അറസ്റ്റ് ചെയ്ത സംഭവത്തിലും, ഒരാഴ്ച മുമ്പ് രാജസ്ഥാൻ സ്വദേശിയായ ആട് വ്യാപാരിയുടെ പികപ് വാൻ തട്ടികൊണ്ടുപോയ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയ 2 സംഭവത്തിലും, ജില്ലയിൽ ഏറ്റവും കൂടുതൽ എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ കേസും പരിഗണിച്ചാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനെ മികച്ച സ്റ്റേഷനായി തെരഞ്ഞെടുത്തത്. സ്റ്റേഷന്റെ മൊത്തത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങളിലെ നടപടികളും അംഗീകാരത്തിനായി പരിഗണിച്ചിരുന്നു.
കാസർകോട് ഡിവൈഎസ്പി പി കെ സുധാകരൻ, സി ഐ ആയിരുന്ന സന്തോഷ് കുമാർ, അടുത്തിടെ ചാർജ് എടുത്ത ഇപ്പോഴത്തെ സി ഐ രജീഷ് എന്നിവരുടെ കൃത്യതയോടെയുള്ള പ്രവർത്തനങ്ങളും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്റെ അംഗീകാരത്തിന് മുതൽകൂട്ടായി.
ജില്ലാ അതിർത്തിയിലെ പൊലീസ് സ്റ്റേഷൻ എന്ന നിലയ്ക്ക് കൂടുതൽ ജോലിഭാരവും കൂടുതൽ കേസുകളും ഉള്ള പൊലീസ് സ്റ്റേഷനിൽ പരിമിതിക്കുള്ളിലും പൊലീസുകാർ ആത്മാർഥതയോടെ അവധിപ്പോലും എടുക്കാതെയാണ് ഓരോ കേസന്വേഷണങ്ങളുടെയും ഭാഗത്തുനിന്നും ലഭിച്ച അംഗീകാരം പ്രചോദനമാണെന്ന് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.