മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നീക്കം; എൻസിപി പിളർത്തി അജിത് പവാർ, ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു

0
305

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ‌ നാടകീയ നീക്കങ്ങൾ. എൻ സി പി പിളർന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയുടെ ഭാഗമായി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാജ്ഭവനിലെത്തിയിരുന്നു.

അജിത് പവാർ പക്ഷത്ത് നിന്ന് 9 പേർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ദിലീപ് വാൽസ് പാട്ടീൽ, സഞ്ജയ് ബൻസോഡെ, ഛ​ഗൻ ഭൂജ്ബൽ, അദിതി തത്കരേ, ധനഞ്ജയ് മുണ്ടേ തുടങ്ങിയവരൊക്കെ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. അതേസമയം, ഈ നീക്കത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം. എംഎൽഎമാരുടെ യോ​ഗം വിളിക്കാൻ അജിത് പവാറിന് അധികാരമുണ്ടെന്നും ശരദ് പവാർ പറഞ്ഞു.

എൻസിപിയുടെ രാഷ്ട്രീയനിലനിൽപ് തന്നെ പ്രതിസന്ധിയിലാകുന്ന നീക്കമാണ് അജിത് പവാറിന്റെ ഭാ​ഗത്തുനിന്നുണ്ടായിരിക്കുന്നത്. എൻസിപിയിൽ നിന്ന് പ്രമുഖരെല്ലാം ബിജെപിക്കൊപ്പം പോയ അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ രണ്ടുമാസമായി ശരദ് പവാറും അജിത് പവാറുമായി പ്രശ്നങ്ങളുണ്ടായിരുന്നു. സുപ്രിയ സുലെ നേതൃനിരയിലേക്ക് വന്നതോടെയാണ് അജിത് പവാർ ശരദ് പവാറുമായി തെറ്റിയത്. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ അനുനയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഈ അവസരം ബിജെപി കൃത്യമായി വിനിയോ​ഗിച്ചു എന്നാണ് വിലയിരുത്തൽ. അജിത് പവാറും ഏക്നാഥ് ഷിൻഡെയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നാടകീയ നീക്കങ്ങൾക്ക് ക്ഷാമമില്ലാത്ത ഇടമാണ് മഹാരാഷ്ട്ര. ഒരു വർഷം മുമ്പ് ശിവസേന പിളർത്തി ഉദ്ധവ് താക്കറേ സർക്കാരിനെ താഴെയിറക്കിയാണ് ഏക്നാഥ് ഷിൻഡെ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയത്. നിലവിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ്. ഇദ്ദേഹത്തിനൊപ്പം അജിത് പവാറും ഉപമുഖ്യമന്ത്രിയായിരിക്കുകയാണ്.

അതേസമയം, എൻസിപി കേരള ഘടകം ഒറ്റക്കെട്ടായി ശരദ് പവാറിനൊപ്പം നിൽക്കുമെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഏ കെ ശശീന്ദ്രൻ പ്രതികരിച്ചു. അജിത് പവാറിന്റേത് അധികാര രാഷ്ട്രീയമാണ്. അജിത് പവാറിനൊപ്പം കേരളത്തിൽ നിന്ന് ആരുമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here