മധ്യപ്രദേശിൽ ആദിവാസിയുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. പ്രവേശ് ശുക്ലയെന്നായാളാണ് കുറ്റവാളി. ഇയാൾക്കെതിരെ എസ് സി എസ് ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മധ്യപ്രദേശിലെ സിധിയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഈ വിഷയത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്‍റെ മുഖത്ത് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ദേശീയ സുരക്ഷാ നിയമം ചുമത്താൻ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. അതേസമയം പ്രവേശ് ശുക്ല ബിജെപി നേതാവൊണെന്നും സംഭവം മധ്യപ്രദേശിന് അപമാനകരമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സിധിയിലെ ബിജെപി പ്രവർത്തകനാണ് പ്രവേഷ് എന്നും കേദാർ ശുക്ലയുടെ സഹായി ആണെന്നും നിരവധി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. പ്രവേശ് ശുക്ലയുടെ പിതാവ് ഇത് സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. എന്നാൽ തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേഷ് അവരിൽ ഒരാളല്ലെന്നും പ്രവേഷുമായി തനിക്ക് ബന്ധമില്ലെന്നും കേദാർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.