കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈ വെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. കൊച്ചിയിലെ എന്‍.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്ക്കറാണ് ശിക്ഷ വിധിച്ചത്. പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരിൽ മൂന്ന് പേർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ചോദ്യപേപ്പറിൽ മത നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടിജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിലാണ് 13 വർഷങ്ങൾക്കിപ്പുറം കോടതി രണ്ടാം ഘട്ട ശിക്ഷാ വിധി പ്രഖ്യാപിക്കാൻ പോകുന്നത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ,അഞ്ചാം പ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും ബുധനാഴ്ച തെളിഞ്ഞിരുന്നു. ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ തെളിവ് മറച്ചുവെക്കൽ, പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ആദ്യ മൂന്ന് പ്രതികൾക്ക് പത്ത് വർഷം മുതൽ ജീവപര്യന്തം വരെയും ബാക്കിയുള്ളവർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെയും തടവ് ശിക്ഷ ലഭിച്ചേക്കാം.
12 പേരുടെ പ്രതിപ്പട്ടികയാണ് എന്‍.ഐ.എ സമർപ്പിച്ചതെങ്കിലും പ്രൊഫസറുടെ കൈ വെട്ടിയ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ട പതിമൂന്ന് പേരെ നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് രണ്ടാം ഘട്ട ശിക്ഷാ വിധി നടക്കുന്നത്. 2010 മാർച്ചിലാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കുന്നത്. ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എയും കുറ്റകൃത്യത്തിലെ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു. പ്രതികൾക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചെന്നും കുറ്റകൃത്യത്തിന് മുൻപും ശേഷവും പ്രാദേശിക സഹായം ലഭിച്ചുവെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു.