‘വിളിച്ചിട്ട് അച്ഛൻ മിണ്ടുന്നില്ല, സഹായിക്കണം സാറേ’, പൊലീസ് സ്റ്റേഷനിലേക്ക് രാത്രി കാർ പാഞ്ഞെത്തി, സംഭവിച്ചത്

0
292

കാഞ്ഞങ്ങാട്: അർദ്ധരാത്രിയിൽ സഹായമഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. കാസർകോട് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് ഒരു കുടുംബത്തിന്‍റെയാകെ പ്രാർത്ഥനയ്ക്ക് പൊലീസ് തുണയായത്. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഒരു കാർ പാഞ്ഞെത്തുന്നതും വാഹനത്തിൽ നിന്നും നിലവിളി കേള്‍ക്കുന്നതും. അബേധാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലേക്ക് എത്തിക്കാൻ സഹായമഭ്യർത്ഥിച്ച് എത്തിയ കുടുംബത്തിന് പൊലീസ് രക്ഷകരാവുകയായിരുന്നു.

‘സാർ ഞങ്ങളുടെ അച്ഛനെ ആശുപത്രിയിൽ കാണിച്ചു വരുന്ന വഴിയാണ്.  ഇപ്പോൾ അച്ഛൻ വിളിച്ചാൽ മിണ്ടുന്നില്ല. ഞങ്ങൾ വന്ന വണ്ടിയിൽ പെട്രോൾ കുറവാണ്. ആശുപത്രിയിൽ എത്താനാവില്ല.  സഹായിക്കണം’, കാറിൽ നിന്നും നിലവിളിയോടെ ഒരാളുടെ അഭ്യർത്ഥന. ഉടനെ തന്നെ പൊലീസ് വാഹനത്തിൽ അത്യാസന്ന നിലയിലായിരുന്ന വയോധികനെ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്കുള്ള സൌകര്യമൊരുക്കി. കൃത്യ സമയത്ത് ചികിത്സ കിട്ടിയതോടെ  ഇദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്. രോഗി ഇപ്പോള്‍ ചെങ്കള ഇകെ നായനാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസിന്‍റെ സമയോചിത ഇടപെടൽ വളരെ ആശ്വാസമായെന്ന് വയോധികന്‍റെ ബന്ധുക്കള്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

ശനിയാഴ്ച രാത്രി ഒരു മണിയോടെ മേൽപ്പറമ്പ്  പാലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഒരു കാർ കുതിച്ചെത്തി. വാഹനത്തിൽ ഉണ്ടായിരുന്നവർ നിലവിളിക്കുന്നുണ്ടായിരുന്നു.  എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു നിമിഷം പകച്ചു പോയ പൊലീസ് ഉദ്യോഗസ്ഥർ  പെട്ടെന്ന്  വാഹനത്തിന്റെ അടുത്തേക്ക്  ചെന്നു.  കാറിനകത്ത് ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് അവർ കണ്ടത്.  കാര്യം തിരക്കിയപ്പോൾ  ” സാർ ഞങ്ങളുടെ അച്ഛനെ ആശുപത്രിയിൽ കാണിച്ചു വരുന്ന വഴിയാണ്.  ഇപ്പോൾ അച്ഛൻ വിളിച്ചാൽ മിണ്ടുന്നില്ല. ഞങ്ങൾ വന്ന വണ്ടിയിൽ പെട്രോൾ കുറവാണ്. ആശുപത്രിയിൽ എത്താനാവില്ല.  സഹായിക്കണം ..”

അബോധാവസ്ഥയിൽ കിടക്കുന്നയാളെ  കെട്ടിപ്പിടിച്ചുകൊണ്ട് കാറിൽ ഉണ്ടായിരുന്ന ഒരാൾ കരഞ്ഞുകൊണ്ട് പറഞ്ഞു.  പിന്നെ സമയം പാഴാക്കിയില്ല.  പൊലീസ് സ്റ്റേഷനിലെ  വാഹനത്തിൽ അത്യാസന്ന നിലയിലായിരുന്ന  രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും കയറ്റി  ഉടനടി തന്നെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു.   ഞങ്ങളിൽ ഉള്ള വിശ്വാസം ഇനിയും കാത്തുസൂക്ഷിക്കുമെന്ന ഉറപ്പോടെ … നന്ദി.. സ്നേഹം .

LEAVE A REPLY

Please enter your comment!
Please enter your name here