മൊബൈൽ ഫോൺ നഷ്ടപ്പെട്ടാല്‍ അടുത്തുള്ള ഷോപ്പില്‍ അറിയിക്കൂ; മോഷ്ടാക്കൾക്ക് കെണിയൊരുക്കി വ്യാപാരികളുടെ കൂട്ടായ്മ

0
224

മൊബൈൽ മോഷ്ടാക്കൾക്ക് വലവിരിച്ച് കേരള മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ. നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോണുകൾ കണ്ടുപിടിക്കാനായി പുതിയ പദ്ധതി ഒരുക്കിയിരിക്കുകയാണ് മൊബൈൽ ഷോപ്പ് ഉടമകള്‍. മോഷണം പോയതോ നഷ്ടപ്പെട്ടു പോയതോ ആയ മൊബൈൽ ഫോൺ കണ്ടുപിടിക്കുന്നതിനു വേണ്ടിയാണ് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷന്റെ നേതൃത്വത്തിൽ പുത്തൻ ഫോർമാറ്റ് തയ്യാറാക്കിയിരിക്കുന്നത്.

23 ഓളം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഷോപ്പുടമകള്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. കേരളത്തിലൊട്ടാകെയുള്ള മൊബൈൽ വ്യാപാരികളും, ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഗ്രൂപ്പിനാണ് ഇതിന്റെ മേൽനോട്ട ചുമതല. ഐ എം എ നമ്പർ ആണ് നഷ്ടപ്പെട്ടുപോയതോ കളവു പോയതോ ആയ മൊബൈൽ ഫോണുകൾ തിരിച്ചുകിട്ടാനുള്ള ഉപാധിയാക്കുന്നത്.

മൊബൈൽ നഷ്ടപ്പെട്ട വ്യക്‌തി മൊബൈൽ ഫോണിന്റെ ഐഎംഎ നമ്പർ ഉടൻ തന്നെ അടുത്തുള്ള മൊബൈൽ ഷോപ്പിൽ കൈമാറേണ്ടതാണ്. ഇങ്ങനെ കൈമാറുന്ന നമ്പർ ഉടൻതന്നെ കടയുടമ കേരളത്തിൽ ഉടനീളമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും. ഇങ്ങനെ മുഴുവൻ ഷോപ്പുകളിലും ഐ എം എ നമ്പർ ലഭിക്കുന്നതോടെ പ്രസ്തുത മൊബൈലുമായി ആരെങ്കിലും ഏത് ഷോപ്പിലെത്തിയാലും ഉടൻ തിരിച്ചറിയാനാകുമെന്ന് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂത്തുപറമ്പ് കിണവക്കലിലെ പി താഹിർ പറഞ്ഞു.

മൊബൈൽ വിൽപ്പനയ്ക്ക് എത്തുന്നതോടെ മോഷ്ടാവ് പിടിയിലാവുകയും പിന്നീട് പോലീസിന്റെ സഹായത്തോടെ ഉടമക്ക് മൊബൈൽ ഫോൺ തിരികെ ലഭിക്കുകയും ചെയ്യും. നാലുവർഷത്തോളമായി തുടങ്ങിയ ഈ ഗ്രൂപ്പിൽ നിന്നും ഏകദേശം 400 ഓളം മൊബൈൽ ഫോണുകളാണ് ഇത്തരത്തിൽ വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ളത്. ഇത്തരത്തിൽ മൊബൈൽ ഷോപ്പുകളിൽ ലഭിക്കുന്ന ഫോണുകൾ പോലീസ് സ്റ്റേഷനിൽ കൈമാറുന്നതോടെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിക്കുകയും ചെയ്യുന്നുണ്ടെന്ന് താഹിർ വ്യക്തമാക്കി.

കൂടാതെ, മോഷണം പോകുന്ന മൊബൈൽ ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കാത്തതിനാൽ തന്നെ വിലപ്പെട്ട രേഖകൾ അടങ്ങുന്ന ഡാറ്റകൾ ഒന്നും തന്നെ ഇതിലൂടെ നഷ്ടമാകുന്നില്ല. മൊബൈൽ ഫോണുകൾ നഷ്ടമാകുന്നവർ ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here