കനത്തമഴയിൽ കണ്ണീരണിഞ്ഞ് കോഴിക്കോട്, വെള്ളക്കെട്ടിൽ ആഴത്തിലുള്ള കുഴിയിൽ വീണ് കുഞ്ഞു സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായി

0
267

കോഴിക്കോട്: കനത്ത മഴയിൽ ആഴത്തിലുള്ള വെള്ളക്കെട്ടിൽ വീണ് കുഞ്ഞുസഹോദരങ്ങൾക്ക് ജീവൻ നഷ്ടമായതിന്റെ വേദനയിലാണ് കോഴിക്കോട് താമരശ്ശേരിയിലുള്ളവരെല്ലാം. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വടക്കൊരു അബ്ദുൽ ജലീലിൻ്റെയും (മുട്ടായി) നാജിറയുടെയും രണ്ടു മക്കളെയും കവർന്നെടുത്ത ദുരന്തത്തിൽ കണ്ണീരണിയുകയാണ് കോരങ്ങാട്. വെള്ളക്കെട്ടിൽ വീണ് മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിർ (7) എന്നീ സഹോദരങ്ങളാണ് മരണപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മുഹമ്മദ് ഹാദിയെയും മുഹമ്മദ് ആഷിറിനെയും കാണ്മാനില്ല എന്ന വിവരം നാട്ടിലറിയുന്നത്. വീടിന് സമീപത്ത് ട്യൂഷന് പോയ സഹോദരങ്ങൾ എത്തിയില്ലെന്ന് ട്യുഷൻ ടീച്ചർ അറിയിച്ചതോടെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് പാറയ്ക്ക് സമീപത്തായുള്ള വെള്ളകെട്ടിന് അടുത്തായി കുട്ടികളുടെ ബാഗും ചെരുപ്പും കണ്ടെത്തുന്നത്. തുടർന്നാണ് വെളളക്കെട്ടിൽ നിന്നും കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മഴ പെയ്ത് വെള്ളം നിറഞ്ഞ ആഴത്തിലുള്ള വലിയ കുഴിയിലാണ് കുട്ടികൾ വീണതും ദുരന്തം സംഭവിച്ചതും.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുഹമ്മദ് ഹാദിയുടെയും മുഹമ്മദ് ആഷിറിൻ്റെയും മൃതദേഹങ്ങൾ കോരങ്ങാട് ജി എം എൽ പി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോരങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. മുഹമ്മദ് ഹാദി താമരശ്ശേരി കോരങ്ങാട് ജി വി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും മുഹമ്മദ് ആഷിർ കോരങ്ങാട് ജി എം എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു.

വട്ടക്കൊരുവിനെ തുടർച്ചയായി ദുരന്തം ദു:ഖത്തിലാഴ്ത്തുകയാണ്. ഒരു മാസം മുമ്പ് വാഹനപകടത്തിൽ പരുക്കേറ്റ് ഇവിടെത്തെ യുവദമ്പതികൾ മരണപ്പെട്ടതിൻ്റെ സങ്കടം മാറിയിട്ടില്ല. ബാലുശ്ശേരി കോക്കല്ലൂരിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വട്ടക്കൊരു അഖിൽ (30 ) ഭാര്യ വിഷ്ണുപ്രിയ (26) എന്നിവർ ജൂൺ 14 നാണ് മരണപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here