കഴിഞ്ഞ 3 ദിവസത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്; ഇന്നും മഴ തുടരും, കാറ്റിനും സാധ്യത

0
202

കാസർകോട് ∙ ജില്ലയിൽ ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മറ്റു ജില്ലകളിൽ ഇടവേളകളോടു കൂടിയ മഴയാണ് പ്രവചിക്കുന്നതെങ്കിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അധികൃതർ കാണുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനം വടക്കൻ കേരളത്തിൽ ശക്തമായ കാറ്റിനും കാരണമാവുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ 3 ദിവസത്തെ കണക്കിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ജില്ലയിലാണ്. കാസർകോട് 308.2 ലീറ്റർ മഴ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിൽ 275.7 എംഎം മഴ പെയ്തു. ഈ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ മഴ വളരെ കുറവായിരുന്നു. തിരുവനന്തപുരത്ത് 6.8 എംഎം മഴയാണ് ലഭിച്ചത്.

മഴ പെയ്താൽ ഉടൻ സ്കൂൾ അവധി വേണമെന്ന് തെറ്റിദ്ധാരണ: കലക്ടർ

കുട്ടികൾക്ക് ക്ലാസുകൾ നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കടമയെന്നും കലക്ടർ

കാസർകോട് ∙ മഴ പെയ്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന തെറ്റിദ്ധാരണയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് ജില്ലാ കലക്ടർ കെ.ഇമ്പശേഖർ. കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും അധ്യാപകരുടെയും കടമയായിരിക്കണം. നഷ്ടപ്പെട്ട ഒരു ദിവസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

സ്കൂൾ ഹെഡ് മാസ്റ്റർമാർ, പിടിഎ അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ കുട്ടികൾ സുരക്ഷിതമായി സ്‌കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ, കുട്ടികൾ സുരക്ഷിതമായി സ്‌കൂളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് അംഗവും വില്ലേജ് ഓഫിസറും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടർ കെ.ഇമ്പശേഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ് എന്നീ  2 താലൂക്കുകളിലെ സ്കൂളുകൾക്ക് മാത്രമാണ് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ പ്രതികരണവുമായി പലരും എത്തിയപ്പോൾ കലക്ടറുടെ ഫെയ്സ്ബുക് പേജിലെ കമന്റ് ബോക്സ് ഓഫാക്കി വച്ചിരുന്നു. ഇന്നലെ നടത്തിയ അഭിപ്രായത്തിലും അനുകൂലിച്ചും പ്രതികൂലിച്ചും പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here