ആസ്തി 1,413 കോടി; ഡി.കെ. ശിവകുമാർ രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎയെന്ന് റിപ്പോർട്ട്

0
241

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എല്‍.എ. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുള്ളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 1,700 രൂപ മാത്രം വരുമാനമുള്ള പശ്ചിമബംഗാളില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എയാണ് ഏറ്റവും ദരിദ്രനായ എംഎൽഎയെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇഡബ്ല്യു) എന്നീ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

കര്‍ണാടകയിലെ സ്വതന്ത്ര എം.എല്‍.എയും വ്യവസായിയുമായ കെ.എച്ച്. പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. 1267 കോടിയാണ് ഗൗഡയുടെ ആസ്തി. 1156 കോടി ആസ്തിയുള്ള കോണ്‍ഗ്രസ് എം.എല്‍.എ. പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്.

ഏറ്റവും സമ്പന്നരായ 20 എം.എല്‍.എമാരില്‍ 12 പേരും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. കര്‍ണാടക എം.എല്‍.എമാരില്‍ 14 ശതമാനത്തിനും 100 കോടിയിലധികം ആസ്തിയുണ്ടെന്നാണ് കണക്ക്. എം.എല്‍.എമാരുടെ ശരാശരി ആസ്തി 64.3 കോടിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

താന്‍ അതിസമ്പന്നനുമല്ല ദരിദ്രനുമല്ലെന്നായിരുന്നു റിപ്പോര്‍ട്ടിനോട് ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. ദീര്‍ഘനാളത്തെ എന്റെ സമ്പാദ്യമാണത്. അത് എന്റെ വ്യക്തിഗത സമ്പാദ്യമാണ്. അത് അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതും. ഞാന്‍ അതിസമ്പന്നനല്ല എന്നാല്‍ ദരിദ്രനുമല്ല, ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.

ഡി.കെ.ശിവകുമാര്‍ ഒരു വ്യവസായിയാണെന്നും അതിലെന്താണ് തെറ്റെന്നും ഖനന കോഴ കേസില്‍ ആരോപിതരായ ബി.ജെ.പി. എം.എല്‍.എമാരുടെ ആസ്തി നോക്കൂ എന്നും കോണ്‍ഗ്രസ് എം.എല്‍.എ. റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാരെ കടന്നാക്രമിച്ച ബി.ജെ.പി, കോണ്‍ഗ്രസ് ധനികരെയാണ് സ്‌നേഹിക്കുന്നതെന്നും ഖനന കോഴ കേസില്‍ ആരോപണം നേരിട്ട ബി.ജെ.പി. എം.എല്‍.എമാര്‍ക്ക് നീതി ലഭിച്ചു എന്നും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here