കണ്ണൂർ ഇനി കേരളത്തിന്റെ “സ്നാക്ക് ഡെസ്റ്റിനേഷൻ” !

0
184

വ്യത്യസ്തമായ രുചികളുടെ സുഗന്ധം പരത്തുന്ന മലബാറിന്റെ ഭക്ഷണ പാരമ്പര്യത്തെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമാണ്. ഇന്നിപ്പോൾ കേരളത്തിന്റെ ‘സ്നാക്ക് ഡെസ്റ്റിനേഷൻ’ ആകാൻ ഒരുങ്ങുകയാണ് കണ്ണൂർ. കണ്ണൂരിലെ നാടൻ പലഹാരങ്ങൾ പ്രോത്സാഹിപ്പിക്കാനും ഗ്രാമങ്ങളെ കേരളത്തിന്റെ പ്രിയപ്പെട്ട ലഘുഭക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാനും ജില്ലാ പഞ്ചായത്ത് മുൻഗണയെടുത്തതിന്റെ ഭാഗമാണിത്.

കണ്ണൂരിനെ സ്നാക്ക് ഡെസ്റ്റിനേഷൻ ആക്കാൻ 20 ലക്ഷം രൂപ ചെലവിൽ കണ്ണൂർ ബ്രാൻഡിൽ പലഹാരങ്ങൾ വിപണിയിലേക്ക് എത്തിക്കാനാണ് നീക്കം. ജില്ലയിലെ ലഘുഭക്ഷണ വ്യവസായത്തിന്റെ ഭാഗമായവർക്ക് മാന്യമായ വരുമാനം ഉറപ്പാകുന്നതാണ് പദ്ധതി. തദ്ദേശീയമായി നിർമ്മിച്ച മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും കണ്ണൂർ ബ്രാൻഡിൽ അറിയപ്പെടുന്നതിന് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കുടിൽ വ്യവസായം എന്ന നിലയിൽ കണ്ണപുരം, ന്യൂ മാഹി പഞ്ചായത്തുകളിലാണ് കണ്ണൂരിലെ നാടൻ പലഹാരങ്ങളിൽ കൂടുതലും ഉണ്ടാക്കുന്നത്. വർഷങ്ങളായി ഈ സ്ഥലങ്ങളിൽ ലഘു ഭക്ഷണങ്ങൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്. ഓർഡർ അനുസരിച്ച് പ്രദേശവാസികൾ ബേക്കറികളിലും ഭക്ഷണശാലകളിലും വിതരണം ചെയ്യുകയാണ് ചെയ്യാറ്. ഇവർക്കു വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഈ പഞ്ചായത്തുകളെ പലഹാരഗ്രാമങ്ങളാക്കി മാറ്റുകയാണ് ജില്ലാ പഞ്ചായത്ത്.

നുറുക്ക്, മിക്സ്ച്ചർ, അരിയുണ്ട, തരിയുണ്ട, മുട്ടപ്പം,എണ്ണയിൽ വറുത്ത പലതരം പലഹാരങ്ങൾ എന്നിവ നിർമിക്കാൻ പുതുതായി ആളുകൾ കടന്നു വരാത്ത സ്ഥിതിയുമുണ്ട്. പദ്ധതി ആരംഭിക്കുന്നതോടെ കൂടുതൽ പേർക്ക് തൊഴിലിൽ ഏർപ്പെടാൻ പ്രോത്സാഹനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അച്ചപ്പം, ഉണ്ണിയപ്പം, പൊട്ടിയപ്പം, കിണ്ണത്തപ്പം, കലത്തപ്പം, കാരയപ്പം, കണ്ണൂരപ്പം തുടങ്ങി നിരവധി പലഹാരങ്ങൾ കണ്ണൂരിൽ ശ്രദ്ധേയമാണ്. വൈകുന്നേരങ്ങളിൽ ചായയ്‌ക്കൊപ്പം എന്ത് കഴിക്കുമെന്ന ചോദ്യത്തിന് ഉത്തരമെന്ന നിലയിലും വിശേഷാവസരങ്ങളിലും പലഹാരങ്ങൾ എന്നും മുൻപന്തിയിലാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് പലഹാര കടകളും ഇന്നും നിലനിൽക്കുന്നത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ മാത്രം നൂറിലധികം ബേക്കറികൾ ഉണ്ടെന്നാണ് റിപോർട്ടുകൾ പറയുന്നത്. ബേക്കറികളിൽ നിന്നും മറ്റും പലഹാരങ്ങൾ വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട് എന്നും റിപോർട്ടുകൾ പറയുന്നു.

എണ്ണമറ്റ പലഹാരങ്ങൾ കൊണ്ട് മാത്രമല്ല, ഇന്ത്യയിൽ തന്നെ ആദ്യമായി കേക്ക് ഉണ്ടാക്കിയതിന്റെ റെക്കോഡും നമ്മുടെ കണ്ണൂരിലെ തലശ്ശേരിക്കാണ്. തലശ്ശേരിയിലെ ‘മമ്പള്ളി റോയൽ ബിസ്‌ക്കറ്റ്‌സ് ഫാക്ടറി’ സ്ഥാപിച്ച മമ്പള്ളി ബാപ്പു ആണ് 139 വർഷം മുൻപ് കേരളത്തിൽ ആദ്യമായി കേക്കുണ്ടാക്കിയത്. ഒരു ഇന്ത്യക്കാരനുണ്ടാക്കിയ ആദ്യത്തെ കേക്കും ഇത് തന്നെ. കേക്കുകൾ കൂടാതെ ബിസ്‌കറ്റുകൾ, റസ്‌ക്കുകൾ, ബ്രഡ്, ബൺ എന്നിങ്ങനെ 40 തരം വ്യത്യസ്ത വിഭവങ്ങൾ ബ്രിട്ടീഷുകാർ മാത്രം കഴിച്ചിരുന്ന, അവർക്ക് വേണ്ടി തുടങ്ങിയ മമ്പള്ളി ബാപ്പുവിന്റെ നിർമാണശാലയിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാർ ആയിരുന്നു ഇവ വാങ്ങിയിരുന്നത്.

പലഹാരങ്ങൾ കൂടാതെ വായിൽ വെള്ളമൂറിക്കുന്ന പല വിഭവങ്ങളും കണ്ണൂരിലുണ്ട്. തലശേരിയും ഇരിട്ടിയും പയ്യന്നൂരും തളിപ്പറമ്പും എല്ലാം ഭക്ഷണപ്രേമികൾക്ക് ചാകര ഒരുക്കുന്ന സ്ഥലങ്ങളാണ്. കുടിയേറ്റത്തിലൂടെയും തുറമുഖ കച്ചവടങ്ങളിലൂടെയും വിദേശാധിപത്യത്തിലൂടെയും നൂറ്റാണ്ടുകൾ ചേർന്ന് രൂപപ്പെട്ടതാണ് കണ്ണൂരിന്റെ ഭക്ഷണ പാരമ്പര്യം. കച്ചവട ആവശ്യങ്ങൾക്കും മറ്റുമായി കണ്ണൂരിലെത്തിയ അറബികളും പേർഷ്യക്കാരും യൂറോപ്യന്മാരും തങ്ങളുടെ രുചികൾ ഇവിടെ എത്തിക്കുകയും പിന്നീട് അതിൽ മിക്കവയും കണ്ണൂരിന്റെ രുചികളായി മാറുകയായിരുന്നു.

കണ്ണൂർ രുചികളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന തലശേരി ബിരിയാണി, എപ്പോൾ പോയാലും സുലഭമായി ലഭിക്കുന്ന പത്തിരി, നാലുമണി വിഭവങ്ങളിൽ കൊതിയൂറിക്കുന്ന ഉന്നക്കായ, കണ്ണൂരിന്റെ പ്രാദേശിക രുചികളിൽ ഒന്നായ ലക്കോട്ടപ്പം, പത്തിരിയുടെ മറ്റൊരു വകഭേദമായ ചട്ടിപ്പത്തിരി, കണ്ണുരിലെ പ്രിയപ്പെട്ട നാലുമണി പലഹാരങ്ങളിലൊന്നായ വെട്ടുകേക്ക് തുടങ്ങി നിരവധി ഭക്ഷണ വിഭവങ്ങൾ കണ്ണൂരിനെ വ്യത്യസ്തമായ രുചികളുടെ നാടാക്കി മാറ്റുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here