പാലക്കാട്ടെ എംഡിഎംഎ വേട്ട, പിടിയിലായത് റീൽസ് താരം, സൗന്ദര്യ മത്സരത്തിലും ജേതാവ്, ഹണിട്രാപ്പ് കേസിലും പ്രതി

0
299

പാലക്കാട്: പാലക്കാട് ലഹരിമരുന്ന് കടത്തുന്നതിനിടെ പിടിയിലായ തൃശൂർ സ്വദേശികളായ യുവാവും യുവതിയും ലക്ഷ്യം വച്ചിരുന്നത് യുവാക്കളെയെന്ന് പൊലീസ്. ഥാർ ജീപ്പിൽ ന്യൂ ജെൻ മയക്കുമരുന്നായ എംഡിഎംഎ കടത്തുന്നതിനിടെയാണ്  തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന (31), തളിക്കുളം സ്വദേശി മുഹമ്മദ് റയിസ്(31) എന്നിവർ കഴിഞ്ഞ ദിവസം പിടിലാകുന്നത്. ഇവരിൽ നിന്നും  62 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതികളിലൊരാളായ ഷമീന ഇന്‍സ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള താരമാണെന്നാണ് പൊലീസ് പറയുന്നത്. മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമാണ് യുവതിയെന്ന് പൊലീസ് പറയുന്നു. ഷമീന 2019ൽ തിരുവമ്പാടി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ ഹണി ട്രാപ് കേസിലും പ്രതിയാണെന്നാണ് പാലക്കാട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഷമീനയുടെ സുഹൃത്തായ റയിസ് മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങൾക്കു മുൻപാണ് ഇയാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്.

കഴിഞ്ഞ ദിവസം കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കസബ പൊലീസ് സ്റ്റേഷന് സമീപം വെച്ചാണ് ഥാർ ജീപ്പ് കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ടൂറിസ്റ്റുകളെന്ന മട്ടിൽ ബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുമായെത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു. എന്നാൽ പൊലീസ് എത്തിയതോടെ പ്രതികള്‍ എംഡിഎംഎ അടങ്ങിയ പൊതി തന്ത്രപരമായി സമീപത്തെ കനാലിൽ ഉപേക്ഷിച്ചു. എന്നാൽ മൊഴികളിൽ വൈരുദ്ധ്യം തോന്നി സംശയം തോന്നിയ പൊലീസ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ സഹായത്തോടെ കനാലിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

ലഹരിമരുന്നിന്‍റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവാക്കളെ കേന്ദ്രീകരിച്ചും കൊച്ചിയിലെ റിസോർട്ടുകള്‍ കേന്ദ്രീകരിച്ചു മോഡലുകളേയും ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്നെത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. യുവാക്കൾക്കിടയിൽ എംഡിഎംഎയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനാൽ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്  പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ, കോങ്ങാട്, മങ്കര എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here