സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളത്ത് ഇന്ന് റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
158

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കണ്ണൂരിലും ഇടുക്കിയിലും നാളെ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ നാലു ദിവസം തുടർന്നേക്കും.

എറണാകുളത്ത് കഴിഞ്ഞ വർഷത്തെ സംബന്ധിച്ച് മഴക്കെടുതികൾ കുറവാണെങ്കിലും ഇടപ്പള്ളി ഭാഗത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള മുന്നിറിയിപ്പായത് കൊണ്ടു തന്നെ കനത്ത ജാഗ്രതിയിലാണ് ജില്ലാ ഭരണകൂടം.

മലയോരമേഖലകളിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ തുടരുകയാണ്. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനടക്കമുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കലക്ടറുടെ നിർദേശമുണ്ട്.

ഇന്നലെ രാത്രി മുതൽ ശക്തിയാർജിച്ച കാലവർഷം പല ജില്ലകളിലും ഇന്ന് പകലും തുടരുകയാണ്. ലോ റേഞ്ചിലും ഹൈറേഞ്ചിലും മണിക്കൂറുകളായി മഴ തുടരുന്ന ഇടുക്കിയിൽ ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

25 പേരടങ്ങുന്ന എൻ ഡി ആർ എഫ് സംഘം ഇടുക്കിയിലെത്തി. കാസർകോട്,കണ്ണൂർ ജില്ലകളിലും മഴ കനത്ത് പെയ്യുകയാണ്. ഇടുക്കി,കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാല് ദിവസം സംസ്ഥാന വ്യാപകമായ അതിശക്തമായ മഴ തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും നിരോധനം ഏർപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here