‘ലോകത്തെ കരയിച്ച വീഡിയോ’ ദുബൈ ഭരണാധികാരിയുടെ ഹൃദയത്തില്‍ തൊട്ടു; ലാനിയയ്ക്ക് ശൈഖ് മുഹമ്മദിന്റെ വലിയ സമ്മാനം

0
348

ദുബൈ: ചലനമറ്റ് കിടക്കുന്ന ജെസ്‌നോയെ നോക്കി കൊച്ചു ലാനിയ പൊട്ടിക്കരഞ്ഞു. തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പാട് അവളുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ആ കരച്ചില്‍ നിരവധി പേരുടെ കണ്ണുകളും നനയിച്ചു, ദുബൈ ഭരണാധികാരിയുടെയും…

ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിയെന്ന് അറിയപ്പെടുന്ന ലാനിയ ഫാഖിറാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലൂടെ നിരവധി പേരുടെ ഹൃദയത്തില്‍ തൊട്ടത്. ഈ എട്ടു വയസ്സുകാരിക്ക് സ്വന്തം പിതാവ് സമ്മാനിച്ചതാണ് ജെസ്‌നോ എന്ന് പേരുള്ള പെണ്‍കുതിരയെ. അഞ്ചു വയസ്സു മുതല്‍ ലാനിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഈ കുതിര. പെട്ടെന്നാണ് ജെസ്‌നോയ്ക്ക് അസുഖം ബാധിച്ചത്. കുതിരയുടെ അടുത്ത് വരരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട ജെസ്‌നോയെ അവള്‍ രാവും പകലും പരിചരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ചികിത്സയിലൂടെ കുതിരയെ രക്ഷിക്കാനായില്ല. അത് ചത്തുപോവുകയായിരുന്നു. കുഞ്ഞു ലാനിയയ്ക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു ജെസ്‌നോയുടെ വേര്‍പാട്.

ജീവനില്ലാത്ത കുതിരയുടെ അടുത്ത് എത്തിയ ലാനിയ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇത് ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയുമായിരുന്നു. ജെസ്‌നോയുടെ വേര്‍പാടിന് ശേഷം ജഢം കുഴിച്ചുമൂടിയ സ്ഥലത്തും ലാനിയ പൂക്കളും ആപ്പിളുകളുമായി എത്താറുണ്ടായിരുന്നു. കുതിരസവാരിയോടുള്ള ലാനിയയുടെ ഇഷ്ടവും കുര്‍ദിസ്ഥാനിലെ മറ്റ് യുവാക്കളെ ഈ കായിക ഇനം പഠിപ്പിക്കണമെന്ന അവളുടെ സ്വപ്‌നവും അറിഞ്ഞ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവള്‍ക്ക് സ്വപ്‌ന സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാനിയയ്ക്ക് പുതിയ കുതിരകളെ നല്‍കാനും വ്യക്തിഗത കുതിരസവാരി പരിശീലന കേന്ദ്രം തുടങ്ങണമെന്ന അവളുടെ സ്വപ്നത്തെ പിന്തുണയ്ക്കാനുമാണ് ശൈഖ് മുഹമ്മദ് തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here