അപകീർത്തി കേസിൽ രണ്ടു വർഷം ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ രണ്ടു വർഷം ശിക്ഷിക്കപ്പെട്ടതോടെ വയനാട് ലോക്സഭ മണ്ഡലത്തിൽ പാർലമെന്റ് അംഗത്വത്തിന് നേരിടുന്ന അയോഗ്യത മറികടക്കുന്നതിനാണ് വിധിയിൽ സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഹേമന്ത് പ്രച്ഛക് ആണ് വിധി പറയുക.
2019 ലോക്‌സഭാ പ്രചാരണത്തിനിടെ കർണാകയിലെ കോലാറിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമർശിച്ച്, എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുൽ ഗാന്ധി ചോദിച്ചതാണ് കേസിന് ആധാരം. മാർച്ച് 23 ന്, സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയഭാവിക്ക് ഏറെ നിർണായകമായ വിധിയെ ഏറെ ആകാംക്ഷയോടെയാണ് ദേശീയ രാഷ്ടീയം ഉറ്റുനോക്കുന്നത്.