സുധാകരനെ കൊല്ലാൻ വാടകക്കൊലയാളികളെ അയച്ചു; തൊട്ടടുത്തുവരെ എത്തി: വീണ്ടും ശക്തിധരൻ

0
177

കണ്ണൂർ∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളെ അയച്ചതായി വെളിപ്പെടുത്തി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ രംഗത്ത്. കെ.സുധാകരനെ വധിക്കാൻ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ പരാമർശം. അന്ന് അക്രമികൾ സുധാകരനു തൊട്ടരികിൽ വരെ എത്തിയിരുന്നതായി ശക്തിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. സുധാകരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരൻ കുറിച്ചു.

‘‘എനിക്ക് ആരാണ് കെ.സുധാകരൻ? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാൻ അയച്ചവരിൽ ഒരു അഞ്ചാം പത്തി! അതല്ലേ സത്യം?’’ – ശക്തിധരൻ കുറിച്ചു.

‘‘കെ.സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു കമ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവൻ തന്നെയാണ് അയാൾ എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. കേരള ചരിത്രത്തിൽ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാൻ അപ്പോൾ പിന്തുണയ്ക്കുന്നതെന്ന യാഥാർഥ്യം എനിക്കു സ്വയം വിമർശനപരമായി പരിശോധിച്ചു തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്നു തന്നെയാണു ഞാൻ കരുതുന്നത്. അതാണ് കമ്യൂണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരിക സ്വാധീനം’’ – ശക്തിധരൻ കുറിച്ചു.

ജി.ശക്തിധരന്റെ ഫെയ്സ്ബുക് കുറിപ്പിലെ മറ്റു ചില പരാമർശങ്ങൾ

∙ ‘സുധാകരനെ നേരിൽ കണ്ടിട്ടില്ല’

‘‘കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ പെണ്ണു കേസിലോ പണം തിരിമറി കേസിലോ മറ്റേതെങ്കിലും കേസിലോ ജയിലിലിട്ടാലേ സ്വൈരമായി ഭരിക്കാനാകൂ എങ്കിൽ അതു ചെയ്യണം. അതിന് എന്റെ പേരു കൂടി കൂട്ടിക്കെട്ടേണ്ട കാര്യമെന്താ? അമ്മ എന്നെ പ്രസവിച്ചശേഷം ടെലിവിഷനിൽ അല്ലാതെ ഞാൻ ഈ പറയുന്ന നേതാവിനെ കണ്ടിട്ടില്ല. അമ്മയുടെ ഗർഭപാത്രത്തിലായിരുന്ന കാലത്ത് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ എന്നറിയില്ല. ഞാൻ ഈ വാക്ക് എഴുതുന്ന നിമിഷം വരെ അദ്ദേഹവുമായി ഒരിക്കൽ പോലും ഫോണിലോ അല്ലാതെയോ സംസാരിച്ചിട്ടില്ല. ആഗ്രഹിച്ചിട്ടുമില്ല.

ടെലിവിഷൻ ചാനലുകളിൽ എന്നെ ഇകഴ്ത്തികാണിക്കാൻ കരാർ എടുത്തെത്തുന്ന പാർട്ടിയുടെ ക്ഷുദ്രജീവികൾ എന്തൊക്കെയാണ് പുലമ്പുന്നത്. മനഃസാക്ഷിയുണ്ടോടോ ഏഭ്യന്മാരെ? കെ. സുധാകരനെ കേസിൽ പെടുത്തിയതിനുള്ള പ്രതികാരമാണ് ഞാൻ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് എന്നെഴുതാൻ എങ്ങനെ കഴിയുന്നു? നിങ്ങൾക്ക് മനഃസാക്ഷി ഉണ്ടോ? ഞാൻ ജി.ശക്തിധരൻ ആണ്. മറ്റേതെങ്കിലും ശക്തിധരൻ അല്ല. എനിക്കെതിരായ വ്യക്തിഹത്യ പാർട്ടിയുടെ പേരിൽ ഇനിയും തുടർന്നാൽ……….. കൂടുതൽ ഞാൻ പറയുന്നില്ല.’’

∙ ‘ജയിലിൽ കിടക്കുന്ന സുധാകരൻ കൂടുതൽ അപകടകാരി’

‘‘ഒരു കെ.സുധാകരനെ കൊണ്ടുനിർത്തി ഉമ്മാക്കി കാണിക്കരുത്. ജയിലിൽ കിടക്കുന്ന സുധാകരൻ ആയിരിക്കും പുറത്തു നിൽക്കുന്ന സുധാകരനേക്കാൾ അപകടകാരി എന്ന സത്യം ഈ അൽപബുദ്ധികൾക്കു മനസിലാകുന്നില്ലേ.

കണ്ണൂരിലെ ദ്വന്ദയുദ്ധ ചരിത്രം പരിശോധിച്ചാൽ ഏറ്റവും കടുത്ത വൈരത്തിൽ കഴിഞ്ഞിരുന്നത് ഇ.പി. ജയരാജനും കെ.സുധാകരനും തമ്മിൽലായിരുന്നു. ആ ചിത്രം മാറി. ഇന്നവർ വൈരികൾ അല്ല. ആകെ ശേഷിക്കുന്ന ശത്രുത, തലവന്മാർ തമ്മിലാണ്. അതിൽ ഒന്നുകിൽ ഒരാളെ വകയിരുത്തുകയോ മറ്റേയാളെ കയ്യിൽ കിട്ടിയ അധികാരം ഉപയോഗിച്ച് ജയിലിൽ അടയ്ക്കുകയോ ചെയ്യുമായിരിക്കും. അതല്ലെങ്കിൽ ഇ.പി. ജയരാജനെയോ പി.ജയരാജനെയോ പോലെ അങ്കത്തട്ടിൽനിന്നു പിൻവാങ്ങണം.

കണ്ണൂരിലെ നേതാക്കൾ പറയുന്നതെല്ലാം വേദവാക്യമായി എടുത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. അത് പോയി.’’

∙ മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പ്

തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യൂണിസ്റ്റ് പാർട്ടികൾ മാറി. അതാണ് റഷ്യയിൽ വാഗ്നർ സംഘത്തിലേക്ക് എത്തിനിൽക്കുന്നത്. ആരെങ്കിലും ഓർക്കുന്നുണ്ടോ എന്നറിയില്ല, നമ്മുടെ ഒരു നേതാവു കുടുംബസമേതം നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ സമാനമായ സ്വകാര്യ പടയാളിസംഘത്തെ വാടകയ്ക്ക് എടുത്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം കാരണം പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസിയാണ് അന്ന് ഒഴുക്കിയത്. എന്തായിരുന്നു ഇത്തരത്തിൽ കൂലിപ്പടയെ വിദേശത്തു വിളിച്ചുവരുത്താൻ കാരണം? ഏതെങ്കിലും കമ്യൂണിസ്റ്റ് നേതാവ് അന്വേഷിച്ചോ? ഏതെങ്കിലും കാലത്തു കേരളത്തിൽനിന്നു പോയ ഭരണകർത്താവ് ഇങ്ങനെ കൂലിപ്പട്ടാളത്തെ ഉപയോഗിച്ചിട്ടുണ്ടോ? അവിടെവരെയെത്തി ഇന്ത്യയിലെ കമ്യുണിസം!

LEAVE A REPLY

Please enter your comment!
Please enter your name here