ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടി സാറാവാന്‍ ശ്രമിക്കുക; ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍

0
232

കോട്ടയം: ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടിയാകാന്‍ ശ്രമിക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉമ്മന്‍ചാണ്ടി ബാക്കിവെച്ചുപോയത് പൂര്‍ത്തിയാക്കുക എന്നത് വരുന്ന തലമുറകള്‍ക്കുള്ള വലിയ ഉത്തരവാദിത്വമാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു. ജനങ്ങളോടേ നേതാക്കള്‍ പുലര്‍ത്തുന്ന ബന്ധത്തിന് അവര്‍ നല്‍കുന്ന പ്രതിഫലമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്‌പോലുള്ള സ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടി സര്‍. കുറേ നേരം ഉമ്മന്‍ചാണ്ടി സാറിന്റെ അടുത്തിരുന്ന് എന്റെയും അമ്മയുടേയും കുടുംബത്തിന്റേയും ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഉമ്മന്‍ചാണ്ടി സര്‍ ആരായിരുന്നുവെന്നത് കഴിഞ്ഞ മൂന്നുനാല് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഉമ്മന്‍ചാണ്ടി സര്‍ കേരളത്തിന് നല്‍കികൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ ബാക്കിവെച്ചുപോയത് പൂര്‍ത്തീകരിക്കുക എന്നത് ഇനിവരുന്ന തലമുറകള്‍ക്ക് വലിയൊരു ഉത്തരവാദിത്വമാണ്. അച്ഛനും അദ്ദേഹവും ഒരുപാട് കാലം നിയമസഭയില്‍ ഒന്നിച്ചുണ്ടായിരുന്നു. അതൊക്കെ വലിയ ഓര്‍മകളാണ്, കൃഷ്ണകുമാര്‍ പറഞ്ഞു.

പല പ്രാവശ്യം ഉമ്മന്‍ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്, സംസാരിക്കാനുള്ള സമയം കണ്ടെത്തിയിട്ടുണ്ട്. അത് എന്നോട് മാത്രമല്ല, അദ്ദേഹത്തെ കാണാന്‍ വരുന്ന ഏറ്റവും അവസാനത്തെ വ്യക്തിയെപ്പോലും കണ്ട് അവരുടെ കണ്ണീരൊപ്പിയിട്ടോ അവരുടെ പ്രശ്‌നം എന്താണെന്ന് മനസിലാക്കിയിട്ടോ പരിഹരിച്ചിട്ടോ പോകുന്നൊരു വ്യക്തിയാണ്. സ്‌നേഹം, സഹാനുഭൂതി, കാരുണ്യം ഇവ ഏറ്റവും കൂടുതല്‍ ഉള്ളൊരു വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്നും കൃഷ്ണകുമാര്‍ ഓര്‍മിച്ചു.

19 വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചപ്പോഴും ഇതുപോലൊരു വിലാപയാത്ര കേരളം കണ്ടു. ഇതൊക്കെ ജനം നല്‍കുന്നൊരു ബഹുമതിയാണ്. ഇതൊന്നും ആരും നിര്‍ബന്ധിച്ചിട്ടോ പറഞ്ഞിട്ടോ ചെയ്യുന്നതല്ല. അവരൊരു കടലുപോലെ, ഉള്ളിന്റെ ഉള്ളില്‍നിന്ന് ഒഴുകി വരുന്നതാണ്. എത്രപേര്‍ക്ക് കിട്ടുന്നു, കൊടുക്കുന്നു എന്നത് ജനത്തിന്റെ മനസിലുള്ള കാര്യമാണ്. ഒരു പ്ലാറ്റ്‌ഫോമില്‍ നമുക്കതിനെ കൊണ്ടുവരാന്‍ പറ്റില്ല. ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ചാണ്ടി സാറാവാന്‍ ശ്രമിക്കുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here