നടുവൊടിച്ച് കുടുംബബജറ്റ്; ശരാശരി മലയാളി കുടുംബത്തിന്റെ മാസച്ചെലവ് കൂടിയത് 5000 രൂപ മുതൽ 10000 വരെ

0
151

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷമാരംഭിച്ച് നാലുമാസം പിന്നിടുമ്പോൾ ഒരു ശരാശരി മലയാളി കുടുംബത്തിെന്റ മാസച്ചെലവ് കൂടിയത് 5000 രൂപ മുതൽ 10,000 രൂപവരെ. പെട്രോൾ, ഡീസൽ വിലയും സെസുംമുതൽ വെള്ളക്കരവും വൈദ്യുതിനിരക്കുംവരെ വർധിച്ചതോടെ കുടുംബബജറ്റ് താളംതെറ്റി.

വർഷാവർഷം അടയ്ക്കുന്ന കെട്ടിടനികുതി കൂടിയതും കുടിശ്ശികത്തുകയുടെ പലിശനിരക്ക് കൂട്ടിയതും കൂടിച്ചേർന്നപ്പോൾ ജീവിതഭാരം പിന്നെയുമേറി. പച്ചക്കറി ഉൾപ്പെടെയുള്ളവയ്ക്കും തീവിലയായി.

ഇന്ധനവിലയിൽ ഏപ്രിൽമുതൽ അധികം നൽകിത്തുടങ്ങിയത് രണ്ടുരൂപ. രണ്ടു മാസത്തിലൊരിക്കൽ മുന്നൂറ്റമ്പത് രൂപയോളം ശരാശരി വെള്ളക്കരം നൽകിയിരുന്നിടത്ത് മുന്നൂറ് ശതമാനം വർധനയ്ക്കുശേഷം അത് 900 രൂപയോളമായി. ജൂലായിലെ ബില്ലിൽ വൈദ്യുതി സർച്ചാർജ് യൂണിറ്റൊന്നിന് 18 പൈസവീതം കൂട്ടിയതോടെ സാധാരണ കുടുംബങ്ങൾക്ക് അതും ഷോക്കായി.

കെട്ടിടനികുതി അഞ്ചുശതമാനം വർധിച്ചതോടെ 1000 രൂപ നികുതിയുണ്ടായിരുന്നിടത്ത് 50 രൂപ കൂടുതൽ അടയ്ക്കേണ്ടിവന്നു. നികുതിക്കുടിശ്ശികയുണ്ടായിരുന്നതിന് അതിന്റെ രണ്ടു ശതമാനം തുക പലിശയായും അടയ്ക്കേണ്ട അവസ്ഥ വന്നു. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെയാണ് ഈ തുക വന്നത്.

കെട്ടിടങ്ങൾക്കുള്ള പെർമിറ്റ് ഫീസ് കൂട്ടിയതോടെ അതും സാധാരണക്കാരെ ബാധിക്കുന്ന തരത്തിലായി. നേരത്തേ 150 ചതുരശ്രമീറ്റർ വരെയുള്ളവർക്ക് പെർമിറ്റ് ഫീസ് ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ സൗജന്യം 80 ചതുരശ്ര മീറ്റർവരെയുള്ളവർക്കാക്കി. 81 മുതൽ 150 ചതുരശ്രമീറ്റർ വരെയുള്ള താമസാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് ഫീസ് ചതുരശ്രമീറ്ററിന്‌ 50 രൂപയാക്കി. വലിയ കെട്ടിടങ്ങൾക്കുള്ള ഫീസിലും ക്രമാനുഗത വർധനയുണ്ടായി.

കൂടാതെ കഴിഞ്ഞ മാസങ്ങളിൽ കാറോ അല്ലെങ്കിൽ ഇരുചക്ര വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കിൽ ഏപ്രിലിന് മുമ്പുള്ള വിലയെ അപേക്ഷിച്ച് വർധനയുണ്ടായിട്ടുണ്ട്. ഭൂമിയുടെ ന്യായവില കൂടിയതും രജിസ്ട്രേഷൻ തുകയിൽ വർധനയുണ്ടാക്കി. പണയാധാരം രജിസ്റ്റർ ചെയ്യാനും ഒഴിമുറിക്ക് ചാർജ് ഈടാക്കിയും ഇതുമായി ബന്ധപ്പെട്ട ചെലവ് വർധിപ്പിച്ചു.

നിരക്ക് വർധനയുണ്ടായത്

കുടിവെള്ളക്കരം കൂട്ടിയത് ലിറ്ററിന് ഒരു പൈസ

* വൈദ്യുതി സർച്ചാർജ് യൂണിറ്റിന് 18 പൈസ

* ഇന്ധന സെസ്സ് ലിറ്ററിന് രണ്ടുരൂപ

* കെട്ടിട നികുതി നിലവിലെ തുകയുടെ അഞ്ച് ശതമാനം

* കെട്ടിട പെർമിറ്റ്‌ ഫീസ് സൗജന്യം 150 ചതുരശ്രയടിയിൽ നിന്ന് 80 വരെയുള്ളവയ്ക്കുമാത്രം

* പണയാധാരം രജിസ്‌ട്രേഷൻ 100 രൂപ ഫീസാക്കി

വിലക്കയറ്റം 30 മുതൽ 300 ശതമാനംവരെയായതോടെ ജനജീവിതം ദുസ്സഹമാണ്. സംസ്ഥാനത്ത് പല നികുതികളും അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിലാണ്. കൊടുക്കാനുള്ളത് കൊടുക്കുകയും കിട്ടാനുള്ളത് കിട്ടാതിരിക്കുകയും ചെയ്യുമ്പോൾ കുടുംബബജറ്റ് പതിന്മടങ്ങായി വർധിച്ചിട്ടുണ്ട്.

-ഡോ. മേരി ജോർജ്, സാമ്പത്തിക വിദഗ്‌ധ.

LEAVE A REPLY

Please enter your comment!
Please enter your name here