ഓഹരി വിപണിയിലേക്ക് വന്‍ തിരിച്ചുവരവ് നടത്തി അദാനി ഗ്രൂപ്പ്. അദാനിയുടെ ഉടമസ്ഥതയിലുള്ള 10 കമ്പനികളിലും കഴിഞ്ഞ രണ്ടു ദിവസമായി വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കാനായതാണ് അദാനിക്ക് കുതിപ്പിന് സഹായകരമായിരിക്കുന്നത്. അദാനിയുടെ ഉടമസ്ഥതയിലുള്ള 10 കമ്പനികളിലുമായി ചൊവ്വാഴ്ച മാത്രം 50,501 കോടി രൂപയുടെ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരമവസാനിക്കുമ്പോള്‍ ആകെ വിപണി മൂല്യം 10.6 ലക്ഷം കോടിരൂപയായിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കമ്പനി സ്വീകരിച്ച വിവിധ നടപടികളുടെ പശ്ചാത്തലത്തിലാണ് പുതിയ നേട്ടമുണ്ടായത്. ഇത് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കി. ഗ്രൂപ്പിന്റെ വിപണി മൂല്യം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ 6.5 ലക്ഷം കോടി രൂപയായി താഴ്ന്നിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം കുത്തനെ ഇടിഞ്ഞ അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍ തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തുന്നത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ അപേക്ഷിച്ച് മ്യൂച്വല്‍ഫണ്ടുകളും ചെറുകിട നിക്ഷേപകരും വിവിധ അദാനി കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി. അദാനി ഗ്രൂപ്പിലെ പത്തില്‍ ഏഴ് കമ്പനികളിലും മ്യൂച്വല്‍ഫണ്ടുകള്‍ നിക്ഷേപം ഉയര്‍ത്തിയപ്പോള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ അഞ്ച് കമ്പനികളിലാണ് നിക്ഷേപം കൂട്ടിയത്. അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ആറ് കമ്പനികളിലെ ഓഹരി വിഹിതം ഇക്കാലയളവില്‍ കുറച്ചു.
ചെറുകിട നിക്ഷേപകര്‍ അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാസ്മിഷന്‍, എന്‍.ഡി.ടി.വി എന്നിവയിലെ ഓഹരി വിഹിതം ഇക്കാലയളവില്‍ വര്‍ധിപ്പിച്ചു. അദാനി ടോട്ടല്‍ ഗ്യാസിലെ ചില്ലറ നിക്ഷേപകരുടെ വിഹിതം 4.45 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടം നല്‍കിയ സമയത്താണ് നിക്ഷേപം കൂട്ടിയത്.
മാധ്യമസ്ഥാപനമായ എന്‍.ഡി.ടി.വിയിലെ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം 21.85% ആയി. ചെറുകിട സ്ഥാപനങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് എന്‍.ഡി.ടി.വിയിലാണ്. അദാനി ട്രാന്‍സ്മിഷനിലെ നിക്ഷേപം കഴിഞ്ഞ പാദത്തില്‍ 2.36 ശതമാനമാക്കി ഉയര്‍ത്തി. എ.സി.സി, അദാനി വില്‍മര്‍ എന്നിവയിലെ നിക്ഷേപവും കൂട്ടിയിട്ടുണ്ട്.