കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന് എതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണ് എറണാകുളം അസി.സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
ഉമ്മന്‍ചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ഫെയ്‌സ്ബുക്ക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ഉമ്മന്‍ചാണ്ടി ചത്തു, ആരാണ് ഈ ഉമ്മന്‍ചാണ്ടി, എന്തിനാണ് മൂന്ന് ദിവസം എന്നൊക്കെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ചോദിച്ചായിരുന്നു അധിക്ഷേപം. ഇന്നലെ രാത്രിയായിരുന്നു വീഡിയോ വന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിന്‍വലിച്ചു.
ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപോയി’ വിനായകന്‍ ലൈവില്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ വിനായകന്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും അതിനോടകം നിരവധി തവണ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. നടനെതിരെ രൂക്ഷവിമര്‍ശനമാണ് എല്ലാ കോണില്‍ നിന്നും ഉയരുന്നത്. അങ്ങേയറ്റം മോശമായ നടപടിയാണ് വിനായകനില്‍ നിന്ന് ഉണ്ടായതെന്ന് ആളുകള്‍ പങ്കുവെക്കുന്നു.