ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുളള പ്രായം കുറയ്ക്കുക; പാർലമെന്റിനോട് ബോംബെ ഹൈക്കോടതി

0
160

മുംബൈ: ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി. പല രാജ്യങ്ങളും പ്രായം കുറച്ചിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള സംഭവങ്ങൾ നമ്മുടെ രാജ്യവും പാർലമെന്റും അറിയേണ്ട സമയമാണിതെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമ പ്രകാരമുള്ള ക്രിമിനൽ കേസുകൾ വർദ്ധിച്ചുവരുന്നുണ്ടെന്നും പലപ്പോഴും ഈ കേസുകളിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണുണ്ടാകുന്നതെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് വിലയിരുത്തി.

കൗമാരപ്രായക്കാരുടെ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവകാശവും അനാവശ്യ ലൈംഗിക ആക്രമണത്തിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവകാശവും അംഗീകരിക്കപ്പെടുമ്പോൾ മാത്രമേ ലൈംഗികത പൂർണമായി മാനിക്കപ്പെടുന്നതായി കണക്കാക്കാൻ കഴിയൂ എന്ന് കോടതി പറഞ്ഞു. 2019 ഫെബ്രുവരിയിൽ 17 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് പ്രത്യേക കോടതി ശിക്ഷിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് 25 കാരനായ യുവാവ് നൽകിയ അപ്പീലിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

തങ്ങൾ പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്ന് യുവാവും പെൺകുട്ടിയും അവകാശപ്പെട്ടിരുന്നു. മുസ്ലീം നിയമമനുസരിച്ച് തന്നെ മേജറായാണ് പരിഗണിക്കുന്നതെന്നും അതിനാൽ കുറ്റാരോപിതനായ യുവാവിനൊപ്പം നിക്കാഹ് നടത്തിയെന്നും പെൺകുട്ടി പ്രത്യേക കോടതിയിൽ സമർപ്പിച്ച വാദത്തിൽ പറയുന്നു. കോടതി ശിക്ഷാ ഉത്തരവ് റദ്ദാക്കുകയും യുവാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്‌തു. ലൈംഗികത, വിവാഹത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും സമൂഹവും നീതിന്യായ വ്യവസ്ഥയും ഈ സുപ്രധാന വശം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

‘കലാകാലങ്ങളിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം വർദ്ധിക്കുകയുണ്ടായി. 1940 മുതൽ 2012 വരെ 16 വയസ്സ് മുതലായിരുന്നു അനുവദനീയമായ പ്രായം. പോക്‌സോ നിയമം മൂലം അത് 18 വയസ്സായി ഉയർത്തി. ഒരുപക്ഷേ ആഗോളതലത്തിലെ ഏറ്റവും ഉയർന്ന പ്രായങ്ങളിലൊന്നായിരിക്കാമിത്, കാരണം ഭൂരിഭാഗം രാജ്യങ്ങളും ഉഭയസമ്മതത്തിനുളള പ്രായം 14 മുതൽ 16 വയസ്സ് വരെയാണ്,’ ഹൈക്കോടതി പറഞ്ഞു. ജർമ്മനി, പോർച്ചുഗൽ, മുതലായ രാജ്യങ്ങളിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം 14 വയസ്സാണ്. ലണ്ടനിൽ അത് പതിനാറും ജപ്പാനിൽ പതിമൂന്നുമാണെന്ന് കോടതി പറഞ്ഞു.

പോക്‌സോ നിയമം, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും, സമ്മതത്തോടെയുള്ള കൗമാരപ്രായക്കാരുടെ ബന്ധം ക്രിമിനൽ കുറ്റമാക്കുന്നതിലേക്ക് ഇത് തീർച്ചയായും കലാശിച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കേണ്ടത് പാർലമെന്റ് ആണെന്നും കോടതി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here