ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ലോര്‍ഡ്‌സില്‍ അവസാന ദിനം രണ്ട് സെഷന്‍ ശേഷിക്കെ ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ വേണ്ടത് 128 റണ്‍സാണ്. നാല് വിക്കറ്റുകളാണ് ശേഷിക്കുന്നത്. 108 റണ്‍സുമായി ക്രീസിലുള്ളു ബെന്‍ സ്‌റ്റോക്‌സിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
ഇതിനിടെ ജോണി ബെയര്‍സ്‌റ്റോയുടെ (10) വിക്കറ്റ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ബെയര്‍സ്‌റ്റോയുടെ അശ്രദ്ധയായിരുന്നു വിക്കറ്റിന് കാരണം. കാമറൂണ്‍ ഗ്രീനിന്റെ ഷോര്‍ട്ട് ബോള്‍ ദേഹത്ത് തട്ടാതിരിക്കാന്‍ ബെയര്‍സ്‌റ്റോ കുനിഞ്ഞുനിന്നു. പന്ത് കയ്യിലെടുത്ത ഓസീസ് കീപ്പര്‍ അലക്‌സ് ക്യാരി വിക്കറ്റിലേക്കെറിഞ്ഞു. അപ്പോഴേക്കും ബെയര്‍സ്‌റ്റോ ഗ്രൗണ്ടില്‍ നിന്ന് നടന്ന് നീങ്ങിയിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അംപയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ പന്ത് ഡെഡായത്തിന് ശേഷമാണ് ബെയര്‍സ്റ്റോ ക്രീസ് വിട്ടതെന്നുമുള്ള വാദമുണ്ട്. വീഡിയോ കാണാം…
Excellent work by Alex Carey to run out Jonny Bairstow.
Terrific presence of mind there! pic.twitter.com/0hrfGstX65
— Mufaddal Vohra (@mufaddal_vohra) July 2, 2023
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ 371 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിംഗില്‍ പതറിയിരുന്നു. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 114 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒരിക്കല്‍ക്കൂടി സ്റ്റോക്സിന്റെ ഹീറോയിസം കാത്താണ് ഇംഗ്ലീഷ് ആരാധകരുടെ ഇരിപ്പ്. മൂന്ന് റണ്‍സ് വീതമെടുത്ത സാക് ക്രൗലിയും ഒലീ പോപും 18 റണ്‍സെടുത്ത ജോ റൂട്ടുമാണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായത്. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം നേടി. ഇന്ന് ബെയര്‍സ്‌റ്റോയ്ക്ക് പുറമെ ബെന്‍ ഡക്കറ്റിന്റെ (83) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
രണ്ട് വിക്കറ്റിന് 130 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 279 റണ്‍സിന് പുറത്തായതോടെ 370 റണ്‍സിന്റെ ആകെ ലീഡാണ് കങ്കാരുക്കള്‍ക്ക് ലഭിച്ചത്. 77 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ടോപ് സ്‌കോറര്‍. സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ജോഷ് ടംഗും റോബിന്‍സണും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 416നെതിരെ ഇംഗ്ലണ്ട് 325 റണ്‍സില്‍ പുറത്തായിരുന്നു. മുപ്പത്തിരണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ്(110) ഓസീസിന് മികച്ച സ്‌കോര്‍ ഉറപ്പിച്ചത്.