കേസ് പിന്‍വലിച്ചെന്നത് പാഴ് വാക്ക്: എം.പിയും എം.എല്‍.എയും പങ്കെടുത്ത സി.എ.എ വിരുദ്ധ സമരത്തിന്റെ പേരില്‍ വട്ടിയൂര്‍ക്കാവ് മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍ക്ക് സമന്‍സ്

0
141

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതി(സി.എ.എ)ക്കെതിരായ പ്രക്ഷോഭത്തിന്റെ പേരിലുള്ള കേസുകള്‍ റദ്ദാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം പാഴ് വാക്കെന്ന് തെളിയിച്ച് വട്ടിയൂര്‍ക്കാവ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് പോലീസ് നോട്ടീസ്. ജമാഅത്ത് ഭാരവാഹികളടക്കം അഞ്ചുപേര്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

കെ. മുരളീധരന്‍ എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്ത സമരത്തിന്റെ പേരിലാണ് പോലീസ് നടപടി. അന്നത്തെ മഹല്ല് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, കമ്മിറ്റിയിലെ ഒരംഗം എന്നിവര്‍ക്കാണ് സമന്‍സ് ലഭിച്ചത്. പൊലീസ് കേസെടുത്ത കാര്യം ഭാരവാഹികള്‍ അറിഞ്ഞിരുന്നില്ല. കോടതിയില്‍നിന്ന് സമന്‍സ് ലഭിച്ച കാര്യം പൊലീസ് സ്‌റ്റേഷനില്‍നിന്ന് വിളിച്ചറിയിച്ചപ്പോഴാണ് ഇക്കാര്യം ഭാരവാഹികള്‍ അറിയുന്നത്.

2020 ജനുവരി 19നായിരുന്നു വട്ടിയൂര്‍കാവ് ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നെട്ടയത്തുനിന്ന് വട്ടിയൂര്‍ക്കാവിലേക്ക് മാര്‍ച്ചും തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ പ്രതിഷേധ സംഗമവുമാണ് നടന്നത്. പൊതുനിരത്തില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ ജാഥയോ പ്രകടനമോ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു, നെട്ടയം ജങ്ഷനില്‍ അന്യായമായി സംഘം ചേര്‍ന്നു, കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും തടസം സൃഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് ഭാരവാഹികള്‍ക്കുമേല്‍ ചുമത്തിയത്. സി.എ.എ പ്രക്ഷോഭത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here