ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; ഷുക്കൂർ വക്കീൽ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം പുറത്ത്

0
232

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സി ഷുക്കൂർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം പുറത്തുവന്നു. 2013ൽ കമ്പനി രജിസ്ട്രാറിന് മുന്നിൽ സമർപ്പിച്ച രേഖകളാണ് പുറത്തുവന്നത്. പരാതിക്കാരൻ വിദേശത്തുള്ളപ്പോഴാണ് രേഖ ചമച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഷുക്കൂര്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. ഷൂക്കൂർ, സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ, മകൻ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയാണ് കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നത്.

പാസ്പോർട്ട് വിവരങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്. ഇതിനെ തുടർന്ന് നാല് പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. കേസിലെ പതിനൊന്നാം പ്രതിയെ ഡയറക്ടറാക്കാൻ വ്യാജരേഖ ചമച്ചുവെന്നാണ് പരാതി. കേസിലെ 11-ാം പ്രതിയായ കളനാട് കട്ടക്കാൽ സ്വദേശി എസ് കെ മുഹമ്മദ് കുഞ്ഞിയാണ് പരാതിക്കാരൻ. സ്ഥാപനത്തിന്റെ ഡയറക്ടറാക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും തന്റെ പേരിലുള്ള ഒപ്പ് വ്യാജമാണെന്നും ഹർജിയിൽ മുഹമ്മദ് പറയുന്നു.

വ്യാജരേഖ നിർമ്മിക്കാൻ കൂട്ടു നിൽക്കുന്ന ആളെല്ല താനെന്ന് അഡ്വ. ഷുക്കൂർ പറഞ്ഞിരുന്നു. നോട്ടറി എന്ന നിലയ്ക്ക് പലരും വരാറുണ്ട്. ആ കുട്ടത്തിൽ മുഹമ്മദ് കുഞ്ഞിയും വന്നിട്ടുണ്ടാവുമെന്നും ഷുക്കൂർ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here