മഴ: 3 ജില്ലയിലെ സ്കൂളുകളിൽ അപകടം; വിദ്യാ‍ർഥിനി മരിച്ചു, രണ്ടിടത്ത് തലനാരിഴക്ക് രക്ഷ, അന്വേഷിക്കുമെന്ന് മന്ത്രി

0
106

കാസർകോട്: സംസ്ഥാനത്ത് മഴ അതിതീവ്രമായതിന് പിന്നാലെ പലയിടത്തും ദുരിതം. സംസ്ഥാനത്തെ മൂന്ന് സ്കൂളികളിലായുണ്ടായ അപകടം മഴക്കെടുതിയുടെ വ്യാപ്തി വർധിപ്പിച്ചു. കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 3 സ്കൂളുകളിലാണ് തിങ്കളാഴ്ച കനത്ത മഴ ദുരിതം വിതച്ചത്. ഇതിൽ കാസർകോട് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർഥിനി മരിക്കുകയും ചെയ്തു. എറണാകുളത്തും ആലപ്പുഴയിലും വലിയ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്.

കാസർകോട് കണ്ണീരായി ആയിഷത്ത്

കാസര്‍കോട് അംഗടിമുഗറില്‍ കനത്ത കാറ്റും മഴയും ദുരന്തമായി മാറി. ഇവിടുത്തെ സ്കൂള്‍ കോമ്പൗണ്ടിലെ മരം വീണ് വിദ്യാർഥിനിക്ക് ജീവൻ നഷ്ടമായി. അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. 11 വയസുള്ള കുട്ടിയാണ് അപകടത്തിൽ മരിച്ച ആയിഷത്ത്. ഇവിടെ നടന്ന അപകടത്തിൽ പരിക്കേറ്റ പെര്‍ളാട സ്വദേശിനി രിഫാനയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം സ്കൂള്‍ വിട്ട ഉടനെയാണ് അത്യാഹിതം. ബസിനടുത്തേക്ക് പോകാനായി മിന്‍ഹയും രിഫാനയും സ്കൂളിലെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ ഉള്ള് പൊള്ളയായ മരം പൊട്ടി വീഴുകയായിരുന്നു. വൈദ്യുത ലൈനിലേക്ക് മരം വീണെങ്കിലും ഉടന്‍ വൈദ്യുത ബന്ധം വിഛേദിച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി. ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പുറത്തുനിന്ന് കണ്ടാൽ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്.

എറണാകുളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കൊച്ചി സെന്‍റ് ആൽബർട്സ് സ്കൂൾ ഗ്രൗണ്ടിലെ തണൽ മരത്തിന്റെ കൊമ്പൊടിഞ്ഞു വീണാണ് അഞ്ചാം ക്ലാസ് വിദ്യാഥിക്ക് ഗുരുതരമായി പരിക്കേറ്റത്. ബോൾഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകന്‍ അലന് (10) തലയോട്ടിക്കാണ് പൊട്ടലേറ്റത്. വൈകീട്ട് 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അലൻ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്‌കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്ത് വീശിയ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു.

ആലപ്പുഴയിൽ തലനാരിഴക്ക് ദുരന്തമൊഴിവായി

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക്  ആൽ മരം കടപുഴകി വീണാണ് അപകടമുണ്ടായത്. പള്ളിപ്പാട്  വഴുതാനം ഗവ. യുപി സ്കൂളിന്റെ മുകളിലേക്കാണ്  മുറ്റത്തുനിന്ന കൂറ്റൻ ആൽമരം കടപുഴകി വീണത്. ആർക്കു  പരിക്കില്ല. ഇന്ന്  ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. ഓഫീസ് റൂമും ക്ലാസ് മുറികളും പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ മുകളിലേക്കാണ് മരം വീണത്. ഓട് പാകിയിരുന്ന മേൽക്കൂരയും ഓഫീസ് മുറിയും ഫർണ്ണിച്ചറുകളും തകർന്നു. കുട്ടികളും അധ്യാപകരും ക്ലാസ് മുറികളിൽ ആയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.

ദുഃഖം രേഖപ്പെടുത്തി വിദ്യാഭ്യാസമന്ത്രി

കാസർകോട് അംഗടിമുഗർ സ്കൂളിൽ മരം ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് മിൻഹ മരിച്ചതിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടി മാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നെന്നും ഇത് സ്കൂളുകൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർദേശം നൽകിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെ എന്ന് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ  പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here