പിതാവിനെ കാണാനാകാതെ മഅ്ദനി; ഇന്ന് ബംഗളൂരുവിലേക്ക് തിരികെമടങ്ങും

0
195

കൊച്ചി: പിതാവിനെ കാണാനാകാതെ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ഇന്ന് ബംഗളൂരൂവിലേക്ക് മടങ്ങും. ജാമ്യ ഇളവ് അവസാനിച്ചതിനെ തുടർന്നാണ് മടക്കം. ജൂൺ 26നാണ് മഅ്ദനി കേരളത്തിലെത്തിയത്.

ഇന്നു രാത്രി 9.30നുള്ള ഇൻഡിഗോ വിമാനത്തിലാകും മഅ്ദനിയുടെ ബംഗളൂരുവിലേക്കുള്ള മടക്കം. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ആശുപത്രിയില്‍നിന്ന് വൈകീട്ട് അഞ്ചിനു പുറപ്പെടും. കർണാടക പൊലീസ് സംഘവും മടക്കയാത്രയില്‍ കൂടെയുണ്ടാകും.

ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ 12 ദിവസത്തെ ഇളവിലാണ് അബ്ദുൽ നാസർ മഅ്ദനി കേരളത്തിലെത്തിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് നാട്ടിലെത്തിയെങ്കിലും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ ഇതുവരെ കാണാനായിട്ടില്ല.

ജൂൺ 26ന് വൈകീട്ട് വിമാനമാർഗമാണ് മഅ്ദനി കൊച്ചിയിലെത്തിയത്. അവിടെനിന്ന് അൻവാർശ്ശേരിയിലേക്കുള്ള യാത്രയ്‍ക്കിടെ ആരോഗ്യസ്ഥിതി മോശമായി. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജാമ്യ ഇളവ് ലഭിച്ച 11 ദിവസവും കൊച്ചിയിൽ ചികിത്സയിലായിരുന്നു മഅ്ദനി. ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പിതാവിനെ കാണാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാനാകാതെ ബംഗളൂരുവിലേക്കു തന്നെ തിരികെ മടങ്ങേണ്ടിവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here