‘ഒരു തംപ്‌സ് അപ്’ വരുത്തിയ വിന; കര്‍ഷകന് നഷ്ടമായത് 60 ലക്ഷം രൂപ

0
172

ഇമോജികളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാത്ത ഒരു കാലമാണിത്. നെടുനീളന്‍ മറുപടിക്ക് പകരമായി പലരും ഇമോജികളാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഒരു ഇമോജി കര്‍ഷകന് നല്‍കിയ പണിയാണ് വാര്‍ത്തയായിരിക്കുന്നത്. ഒരു ഇമോജിയിലൂടെ ഈ കര്‍ഷകന് നഷ്ടമായത് അറുപത് ലക്ഷം രൂപയാണ്.

കാനഡ സ്വദേശിയായ കര്‍ഷകന്‍ ക്രിസ് ആച്ചറാണ് അറുപത് ലക്ഷം രൂപ നഷ്ടമായത്. ആ സംഭവം ഇങ്ങനെ, 86 ടണ്‍ ചണം വാങ്ങാന്‍ താത്പര്യമറിയിച്ച് ഒരാള്‍ ആച്ചറിനെ സമീപിച്ചു. ഇരുവരും സംസാരിച്ച് വിലയും ഉറപ്പിച്ചു. മടങ്ങിപ്പോയ യുവാവ് ചണം വാങ്ങാനുള്ള ഉടമ്പടി പത്രം ആച്ചറിന് വാട്‌സ്ആപ്പില്‍ അയച്ചു നല്‍കി. മറുപടിയായി ആച്ചര്‍ ഒരു തംപ്‌സ് അപ് ഇമോജിയും അയച്ചു.

മാസങ്ങള്‍ കഴിഞ്ഞിട്ടും ഉടമ്പടി പ്രകാരമുള്ള ചണം ലഭിക്കാതിരുന്നതോടെ യുവാവ് വീണ്ടും ആച്ചറിനെ സമീപിച്ചു. എന്നാല്‍ ചണം നല്‍കാമെന്ന് താന്‍ സമ്മതിച്ചിരുന്നില്ലെന്നായിരുന്നു ആച്ചര്‍ നല്‍കിയ മറുപടി. തംപ്‌സ് അപ് അയച്ച കാര്യം യുവാവ് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഫോട്ടോ ലഭിച്ചതിനായിരുന്നു എന്നായിരുന്നു ആച്ചര്‍ പറഞ്ഞത്. ഉടമ്പടി അംഗീകരിച്ചതായി താന്‍ പറഞ്ഞിട്ടില്ലെന്നും ആച്ചര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.

ഇരുഭാഗത്തെയും വാദം വിശദമായി കേട്ട കോടതി, യുവാവിന് അനുകൂലമായി വിധിക്കുകയായിരുന്നു. ഇക്കാലത്ത് അംഗീകാരത്തെ സൂചിപ്പിക്കാനാണ് പൊതുവേ തംപ്‌സ് അപ് ചിഹ്നം ഉപയോഗിച്ച് വരുന്നതെന്നും ഡിക്ഷണറിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും വിധിയില്‍ ജഡ്ജി വ്യക്തമാക്കി. ഒപ്പിട്ട് നല്‍കുന്നതൊക്കെ പഴയ കാലത്തായിരുന്നുവെന്നും ഇന്നത്തെ കാലത്ത് ഇമോജികള്‍ തന്നെ ധാരാളമാണെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. യുവാവിന് ആച്ചര്‍ അറുപത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here