ഒരോവറിൽ പിറന്നത് 48 റൺസ്, ഏഴു സിക്സുകൾ; -വിഡിയോ

0
224

കാബൂൾ: ഒരോവറിൽ 48 റൺസ് എടുക്കാമോ? അസാധ്യമെന്ന് തോന്നിക്കുന്ന ബാറ്റിങ് പ്രകടനം കാബൂൾ ട്വന്‍റി20 പ്രീമിയർ ലീഗിലാണ് അരങ്ങേറിയത്.

ശഹീൻ ഹണ്ടേഴ്‌സും അബാസിന്‍ ഡിഫൻഡേഴ്‌സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു നാടകീയ ഓവറും വെടിക്കെട്ട് ബാറ്റിങ്ങും. ആദ്യം ബാറ്റു ചെയ്ത ഷഹീന്‍ ഹണ്ടേഴ്‌സിന്‍റെ ഇന്നിങ്‌സിലെ 19ാം ഓവറിലാണ് 48 റൺസ് അടിച്ചെടുത്തത്. അമീര്‍ സസായിയാണ് പന്തെറിഞ്ഞത്. വൈഡും നോബോളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഈ ഓവര്‍.

ഈസമയം സ്ട്രൈക്കിലുണ്ടായിരുന്ന ഇടങ്കൈയൻ ബാറ്ററായ സെദ്ദിഖുല്ല അതലാണ് ബാറ്റിങ് വെടിക്കെട്ട് തീർത്തത്. അമീര്‍ ചെയ്ത ആദ്യ പന്ത് തന്നെ നോബോള്‍. ഈ പന്ത് അതല്‍ സിക്സ് പറത്തി. രണ്ടാം പന്ത് വൈഡ്. വിക്കറ്റ് കീപ്പര്‍ക്ക് പന്ത് കൈയിലൊതുക്കാൻ കഴിഞ്ഞില്ല. പന്ത് ബൗണ്ടറി ലൈൻ കടന്നു. ഓവര്‍ തുടങ്ങും മുമ്പ് തന്നെ ബൗളർ 12 റണ്‍സ് വഴങ്ങി.

പിന്നീടുള്ള താരത്തിന്‍റെ ആറുപന്തുകളും അതൽ സിക്സർ പറത്തി. ഒരോവറില്‍ 48 വഴങ്ങിയ ബൗളര്‍ എന്ന നാണക്കേടിന്‍റെ റെക്കോഡ് ഇനി അമീറിന് സ്വന്തം. മത്സരത്തില്‍ അതല്‍ 56 പന്തുകളില്‍നിന്ന് പുറത്താവാതെ 118 റണ്‍സെടുത്തു. ഏഴ് ഫോറും 10 സിക്‌സുകളും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. അഫ്ഗാനിസ്ഥാന്‍ ദേശീയ ടീം അംഗം കൂടിയാണ് അതല്‍.

താരത്തിന്‍റെ ബാറ്റിങ് കരുത്തിൽ ഹണ്ടേഴ്‌സ് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അബാസിന്‍ ഡിഫന്‍ഡേഴ്‌സ് 18.3 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here