കൊച്ചി: ഏതാണ് മുപ്പത്തയ്യായിരം കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിറ്റഴിച്ചതെന്ന്. ബിവറേജസ് കോര്‍പറേഷന്റെ കണക്കാണിത്. വ്യാപകമായി മദ്യമൊഴുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുവെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാനത്തെ മദ്യഉപഭോഗ കണക്ക് പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വിറ്റഴിച്ചത് 31,912 കോടിയുടെ വിദേശമദ്യമാണെന്ന് ബിവറേജസ് കോര്‍പറേഷന്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍തന്നെ 3050.44 കോടിയുടെ ബിയറും വൈനും വിറ്റഴിച്ചിട്ടുണ്ട്. അതായത് വിദേശമദ്യവും ബിയറും വൈനുമായി 34,962.44 കോടിയുടെ മദ്യമാണ് മലയാളികളും കേരളത്തിലെത്തിയ മറ്റുള്ളവരും ചേര്‍ന്ന് ബിവറേജസ് വഴി കുടിച്ചുതീര്‍ത്തത്. കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസ് വിവരാവകാശ നിയമപ്രകാരം ബിവറേജസ് കോര്‍പറേഷന്‍ നല്‍കിയ അപേക്ഷയിലെ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.
ബിവറേജസ് കോര്‍പറേഷന്റെ കണക്ക് പ്രകാരം പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ മദ്യം കേരളത്തില്‍ വാങ്ങി ഉപയോഗിക്കുന്നുണ്ട്. അതായത് ഏകദേശം 50 കോടിയുടെ മദ്യം. 24 മാസംകൊണ്ട് ഈ ഇനത്തില്‍ സര്‍ക്കാറിന് നികുതിയായി ലഭിച്ച വരുമാനം 24,540 കോടിയാണ്. പ്രതിമാസനികുതി വരുമാനം 1023 കോടിയും.
മദ്യപാനത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്ന സര്‍ക്കാര്‍ തന്നെ 2022 സെപ്റ്റംബര്‍വരെ ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തിക്കുവേണ്ടി 44 കോടി ചെലവഴിച്ചിട്ടുണ്ടെന്നതാണ് വിരോധാഭാസം. എന്നിട്ടും ജനങ്ങളുടെ മദ്യപാന ആസക്തിയില്‍ കുറവ് വന്നിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-16 മുതല്‍ 2018-19വരെ ബിവറേജസ് കോര്‍പറേഷന്‍ ലാഭത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.