ന്യൂഡൽഹി : മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും ബി.ജെ.പി ദേശീയ സെക്രട്ടറിയുമായ പങ്കജ മുണ്ടെ പാർട്ടി വിടുന്നതായി റിപ്പോർട്ട്. ഇതിന് മുന്നോടിയായി കോൺഗ്രസ് മുൻ അദ്ധ്യക്ഷരായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പങ്കജ മുണ്ടെ സന്ദർശിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊണ്ണൂറുകളിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ വനിതാ ശിശുവികസന മന്ത്രിയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന അവസരത്തിലാണ് പങ്കജ മുണ്ടെയുടെ പാർട്ടി വിടാനുള്ള തീരുമാനം പുറത്തുവരുന്നത്. സംസ്ഥാനത്തെ പ്രബല പിന്നാക്ക വിഭാഗമായ വഞ്ചാരി ,സമുദായത്തിൽ നിന്നുള്ള നേതാവാണ് പങ്കജ. മറാത്ത്‌വാഡ, വിദർഭ, പടിഞ്ഞാറൻ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇവർക്ക് ശക്തമായ സ്വാധീനം ഉണ്ട്.
അതേസമയം പങ്കജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാന പടോളെ അറിയിച്ചു.