ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ആരോപിച്ച് ബെംഗളുരുവിൽ 5 പേർ പിടിയിൽ; തടിയന്റവിട നസീറുമായി ബന്ധമെന്ന് പോലീസ്

0
112

തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളുരുവിൽ അഞ്ച് പേര്‍ പിടിയില്‍. ബെംഗളുരുവിലെ വിവിധ ഇടങ്ങളിൽ  ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക പോലീസിന്റെ സെൻട്രൽ  ക്രൈം ബ്രാഞ്ചിന്റെ നടപടി. ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈൽ, ഉമർ, ജുനൈദ്, മുദ്ദസിർ, ജാഹിദ്  എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് ഏഴു  നാടൻ  തോക്കുകൾ, 12  മൊബൈൽ ഫോണുകൾ,  ബോംബ് നിർമാണ വസ്തുക്കൾ, സിം കാർഡുകൾ, സാറ്റ്‍ലൈറ്റ് ഫോണുകൾ, വാക്കി ടോക്കികൾ എന്നിവ പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ സെൻട്രൽ ക്രൈം ബ്രാഞ്ച്  മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.

2017  ൽ രജിസ്റ്റർ ചെയ്ത  കൊലക്കേസിൽ പ്രതികളായി പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞിരുന്ന ഇവർ  ഇവിടെ വച്ച് തടിയന്റവിട നസീറിനെ പരിചപ്പെട്ടതോടെയാണ് തീവ്രവാദത്തിലേക്ക്  ആകൃഷ്ടരായതെന്ന് പോലീസ് പറഞ്ഞു. 2008 ൽ ബെംഗളുരുവിൽ നടന്ന സ്ഫോടന പരമ്പര കേസിൽ ഒന്നാം പ്രതിയാണ് തടിയന്റവിടെ നസീർ. ഇതേ കേസിൽ 31-ാം പ്രതിയാണ് പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനി.

ജയിലിൽ നിന്നിറങ്ങിയ ശേഷം നസീറിന്റെ നിർദേശപ്രകാരം തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു പ്രതികൾ പ്രവർത്തിക്കാൻ തുടങ്ങി.  ഇവരെ തീവ്രവാദ സംഘടനകളുമായി ബന്ധിപ്പിച്ചിരുന്ന മുഖ്യകണ്ണി ഒളിവിലാണെന്നും സെൻട്രൽ ക്രൈം ബ്രാഞ്ച്  അറിയിച്ചു.

ബെംഗളൂരു ആർടി നഗറിലെ സുൽത്താൻ പല്യയിലെ കനകനഗറിൽ  വാടക വീട്ടിൽ താമസിച്ചായിരുന്നു ഇവർ ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടിരുന്നതെന്നും ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്  സംഘം കുടുങ്ങിയതെന്നും പോലീസ് പറഞ്ഞു.  ബൈക്ക് മെക്കാനിക്കുകളായി ജോലി നോക്കുകയായിരുന്നു പ്രതികൾ.

LEAVE A REPLY

Please enter your comment!
Please enter your name here