പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിയത് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോള്‍ ആകെ തിരിച്ചടി തന്നെ ആയി.
കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍ ഗതാഗതം തടസപ്പെട്ടതോടെയും വെള്ളം കയറിയതോടെയും നശിച്ചുപോകുന്ന കാഴ്ചയും നാം കണ്ടു.
ഏതായാലും തക്കാളി വില കത്തിക്കയറുന്നതിനിടെ ഇവിടെയിതാ വഴിയില്‍ പച്ചക്കറി വില്‍ക്കുന്ന ഒരു കച്ചവടക്കാരൻ കിലോയ്ക്ക് 20 രൂപ എന്ന നിരക്കില്‍കിലോക്കണക്കിന് തക്കാളി വിറ്റിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അതിശയം തോന്നിക്കുന്നൊരു വാര്‍ത്ത തന്നെയാണിത്.
തമിഴ്നാട്ടിലെ ഗൂഡല്ലൂരാണ് കൗതുകമുണര്‍ത്തുന്ന സംഭവമുണ്ടായിരിക്കുന്നത്.20 രൂപയ്ക്ക് ഒരു കിലോ തക്കാളി കിട്ടുമെന്നറിഞ്ഞതോടെ ഇദ്ദേഹം കച്ചവടം ചെയ്യുന്നിടത്തേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ കിലോക്കണക്കിന് തക്കാളി വിറ്റഴിഞ്ഞു എന്നാണ് ഡി ആര്‍ രാജേഷ് എന്ന കച്ചവടക്കാരൻ പറയുന്നത്. ഇദ്ദേഹം ഇത്രയും നഷ്ടം സഹിച്ച് എന്തിനാണിങ്ങനെ തക്കാളി വിറ്റത് എന്ന സംശയം ആരിലുമുണ്ടാകാം.
ഇദ്ദേഹത്തിന്‍റെ ഡിആര്‍ വെജിറ്റബിള്‍സ് എന്ന കടയുടെ നാലാം വാര്‍ഷികമാണത്രേ ഇത്. ഇതിനോനുബന്ധിച്ചാണ് ഇദ്ദേഹം കുറഞ്ഞ വിലയ്ക്ക് തക്കാളി വിറ്റതത്രേ. 550 കിലോ തക്കാളി, കിലോയ്ക്ക് 60 എന്ന നിരക്കില്‍ ഗതാഗതച്ചെലവ് അടക്കം നല്‍കിയാണത്രേ ഇദ്ദേഹം വാങ്ങിയത്. ഇത് 40 രൂപ നഷ്ടത്തിലാണ് വാര്‍ഷികത്തോടനുബന്ധമായി വിറ്റഴിച്ചത്.
ഒരാള്‍ക്ക് ഒരു കിലോ തക്കാളി എന്ന നിലയ്ക്കാണ് നല്‍കിയത്. എല്ലാവര്‍ക്കും ഒരുപോലെ സഹായമെത്തുന്നതിനാണ് ഈ പരിധി വച്ചത് എന്നും രാജേഷ് പറയുന്നു. വ്യത്യസ്തമായ കച്ചവടം ഇപ്പോള്‍ വാര്‍ത്തകളിലും ഇടം നേടിയിരിക്കുകയാണ്. സ്വയം നഷ്ടം സഹിച്ചും മറ്റുള്ളവരെ സഹായിച്ചുകൊണ്ട് തന്‍റെ വിജയം ആഘോഷിക്കാനുള്ള മനസിന് കയ്യടിയാണ് ഏവരും നല്‍കുന്നത്.