തിരുവനന്തപുരം: ബിജെപിയിൽ നിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപിക്കുവേണ്ടി സോഷ്യൽമീഡിയയിലും പുറത്തും ശക്തമായി വാദിച്ചിരുന്ന സംവിധായകൻ രാമസിംഹനാണ് അവസാനമായി പാർട്ടിയിൽ നിന്ന് രാജിവെച്ച് പുറത്തുവന്നത്. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ലെന്നാരോപിച്ചാണ് രാജിയെന്ന് രാമസിംഹൻ വ്യക്തമാക്കി. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ വ്യക്തമാക്കി. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന അധ്യക്ഷന് ഇമെയില്‍ വഴിയാണ് രാജിക്കത്ത് കൈമാറിയതെന്ന് രാമസിംഹന്‍ അറിയിച്ചു. തല മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് ബിജെപി ബന്ധം ഉപേക്ഷിച്ച വിവരം രാമസിംഹന്‍ അറിയിച്ചത്.
ജൂൺ മൂന്നിനാണ് പ്രശസ്ത സംവിധായകനും ബിജെപി നേതാവുമായ രാജസേനൻ പാർട്ടി വിട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രാജസേനന്‍. സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്ത് നിന്നുള്ള ബിജെപിയുടെ സജീവമുഖമായിരുന്നു അദ്ദേഹം. എന്നാൽ, കലാകാരന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലെന്നാണ് രാജസേനനവും ഉന്നയിച്ചത്. കേരളത്തിലെ ബിജെപി അത്രപോരെന്ന് അഭിപ്രായപ്പെട്ട് രാജസേനന്‍ സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചു. എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജസേനന്‍ സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് രാജസേനൻ പാർട്ടി വിടുന്നത്. കൂടെയുണ്ടായിരുന്ന പലര്‍ക്കും സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോഴും അവഗണിക്കപ്പെട്ടെന്നാണ് രാജസേനന്‍റെ ആരോപണം. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും രാജസേനന്‍ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നു.
തൊട്ടുപിന്നാലെ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഭീമൻ രഘുവും പാർട്ടി വിടുകയാണെന്ന് അറിയിച്ചു. 2016ൽ പത്തനാപുരത്ത് ഗണേഷ്കുമാറിനെതിരെയുള്ള ബിജെപി സ്ഥാനാർഥിയായിരുന്നു ഭീമൻ രഘു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പാര്‍ട്ടിപ്രവേശത്തെ സംബന്ധിച്ച് നേരില്‍ കണ്ടു സംസാരിക്കുമെന്ന് ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തോട് താൽപര്യം നഷ്ടപ്പെട്ടെന്നും രഘു പറഞ്ഞിരുന്നു. അതേസമയം, മൂന്ന് താരങ്ങൾ പാർട്ടിവിട്ടിട്ടും ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.