ഗുജറാത്തില്‍ കോടികളുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. ആദ്യഘട്ടത്തില്‍ അഹമ്മദാബാദില്‍ 2,000 കോടി രൂപ മുതല്‍ മുടക്കില്‍ ലുലു മാള്‍ തുടങ്ങാനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. കേരളം, കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം ഗുജറാത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ലുലു മാളിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ തുടങ്ങാനാണ് തീരുമാനം. ലോകോത്തര നിലവാരത്തില്‍ 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് മാള്‍ ഉയരുന്നത്. 200,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, മുന്നൂറില്‍പ്പരം ദേശീയ അന്തര്‍ദേശീയ വിവിദോദ്ദേശ ബ്രാന്‍ഡുകള്‍, 2,500 ആളുകള്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഫുഡ് കോര്‍ട്ട്, 16 സ്‌ക്രീന്‍ സിനിമ, കുട്ടികള്‍ക്കായുള്ള വിനോദ കേന്ദ്രം, വിശാലമായ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് എന്നിവ മാളിന്റെ സവിശേഷതകളായിരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
പദ്ധതിയുടെ പുരോഗതി എം.എ. യൂസഫലി ഭൂപേന്ദ്ര പട്ടേലിനെ ധരിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ ഗുജറാത്തിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ഗുജറാത്ത് സര്‍ക്കാരിന്റെ എല്ലാ വിധ സഹായ സഹകരണങ്ങളും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കൂടിക്കാഴ്ചയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കൈലാസനാഥന്‍, ലുലു ഇന്ത്യ ഡയറക്ടര്‍ ഏ.വി. ആനന്ദ് റാം, ലുലു ഇന്ത്യ ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ രജിത് രാധാകൃഷ്ണന്‍ നായര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.