കേരളത്തിന് 1228.6 കോടിയുടെ ലോകബാങ്ക് വായ്പ

0
173

വാഷിങ്ടണ്‍: പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതികള്‍ക്ക് ലോക ബാങ്ക് കേരളത്തിന് 1228.6 കോടി (150 മില്യണ്‍ ഡോളര്‍) രൂപയുടെ അധിക വായ്പ അനുവദിച്ചു. ഈ അധിക ധനസഹായം തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വായ്പ അനുവദിച്ചുകൊണ്ട് ലോക ബാങ്ക് വ്യക്തമാക്കി. നേരത്തെ നല്‍കിയ 1023 കോടിയുടെ വായ്പയ്ക്ക് പുറമെയാണ് പുതിയ വായ്പ അനുവദിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പടെ 14 വര്‍ഷത്തെ കാലാവധിയോടെയാണ് ലോക ബാങ്ക് പുതിയ വായ്പ അനുവദിച്ചിരിക്കുന്നത്.

തീരദേശ ശോഷണം പരിഹരിക്കുന്നതിനുള്ള പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകും അധിക ധനസഹായത്തിന്റെ വിനിയോഗമെന്ന് ലോക ബാങ്കിന്റെ ഇന്ത്യയിലെ ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൊവാമെ പറഞ്ഞു.

കേരളം പ്രകൃതിദുരന്തങ്ങള്‍ക്കും കാലാവവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കും വിധേയമാകുകയാണ്. 2021-ല്‍ നടന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 100 ദശലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടാകുകയും ചെയ്‌തെന്നും ലോകബാങ്ക് വിലയിരുത്തി.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസം മുമ്പ് ലോകബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അന്ന ബി യര്‍ദെയുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് ലോക ബാങ്ക് അധിക വായ്പ അനുവദിച്ചിരിക്കുന്നത്.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതര്‍ പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നിലവില്‍ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here