ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവരെ പറ്റിക്കുന്ന വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കാറുള്ളത്. അത്തരമൊരു അനുഭവം പങ്കുവെച്ച് ഒരു യുവതി കൂടി രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് ഇവര്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. തന്റെ അമ്മ 12000 രൂപ വില വരുന്ന ഓറല്‍-ബി ഇലക്ട്രിക് ടൂത്ത് ബ്രഷ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചത് 4 പാക്കറ്റ് ചാട്ട് മസാലയായിരുന്നുവെന്ന് യുവതി പറയുന്നു. ഇതിന്റെ ചിത്രവും യുവതി ട്വീറ്റ് ചെയ്തിട്ടുണ്ട്
കൂടാതെ ടൂത്ത്ബ്രഷ് ഓര്‍ഡര്‍ ചെയ്ത കമ്പനിയുടെ റിവ്യൂ പരിശോധിച്ചപ്പോഴാണ് ഇതാദ്യത്തെ സംഭവമല്ലെന്ന് മനസിലായതെന്നും യുവതി പറഞ്ഞു. നിരവധി പേരാണ് ഈ കമ്പനിയ്‌ക്കെതിരെ പരാതി പറയുന്നത്. അതിന്റെ സ്‌ക്രീന്‍ഷോട്ടും യുവതി ട്വീറ്റ് ചെയ്തു. കാഷ് ഓണ്‍ ഡെലിവറിയിലെത്തിയ ഓര്‍ഡറായിരുന്നു ഇത്. പാക്കറ്റിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ യുവതിയുടെ അമ്മ പണം കൊടുക്കുന്നതിന് മുമ്പ് തന്നെ പാക്കറ്റ് തുറന്നുനോക്കിയിരുന്നു. അപ്പോഴാണ് ടൂത്ത് ബ്രഷിന് പകരം ചാട്ട് മസാലയാണ് ലഭിച്ചതെന്ന് മനസ്സിലായതെന്നും യുവതി ട്വീറ്റില്‍ പറഞ്ഞു.
” പ്രിയപ്പെട്ട ആമസോണ്‍, കഴിഞ്ഞ ഒരു വര്‍ഷമായി ഉപഭോക്താക്കളെ പറ്റിച്ച് വ്യാജ വില്‍പ്പന നടത്തുന്ന കമ്പനിയെ നിങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒഴിവാക്കാത്തത് എന്താണ്? എന്റെ അമ്മ 12000 രൂപ വിലവരുന്ന ഓറല്‍ ബി ഇലക്ട്രിക് ടൂത്ത് ബ്രഷ് ഈ കമ്പനിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ബ്രഷിന് പകരം വന്നത് 4 പാക്കറ്റ് ചാട്ട് മസാല. MEPLTDഎന്നാണ് കമ്പനിയുടെ പേര്. 2022 ജനുവരി മുതല്‍ ഇവര്‍ ആളുകളെ പറ്റിച്ചുക്കൊണ്ടിരിക്കുകയാണ്,’ എന്നായിരുന്നു യുവതിയുടെ ട്വീറ്റ്. കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് യുവതിയുടെ ട്വീറ്റ് കണ്ടത്. സമാന അനുഭവം പങ്കുവെച്ച് നിരവധി പേരും രംഗത്തെത്തി.