പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളുടെ കാര്യമെടുത്താല്‍ പലപ്പോഴും അധികപേരും തുറന്ന് ചര്‍ച്ച ചെയ്യാൻ മടിക്കുന്നൊരു കാര്യമാണ് ഉദ്ധാരണക്കുറവ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉദ്ധാരണം സംഭവിക്കാതിരിക്കുക, ഉദ്ധാരണസമയം കുറഞ്ഞുപോവുക തുടങ്ങിയ പ്രശ്നങ്ങളെയാണ് പൊതുവില്‍ ഉദ്ധാരണക്കുറവ് അഥവാ ‘ഇറക്ടൈല്‍ ഡിസ്ഫംഗ്ഷൻ’ എന്ന് വിശേഷിപ്പിക്കുന്നത്.
പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുമ്പോള്‍ സ്വാഭാവികമായും അത് വ്യക്തികളുടെ ലൈംഗികാരോഗ്യത്തെയും ബാധിക്കാം. പുരുഷന്മാരില്‍ ഇത്തരത്തില്‍ പ്രായമേറുമ്പോള്‍ ഉദ്ധാരണക്കുറവ് നേരിടാറുണ്ട്. എന്നാല്‍ യുവാക്കളില്‍ ഇത് കാണുന്നത് അത്ര സ്വാഭാവികമായി കണക്കാക്കാൻ സാധിക്കില്ല. ഇതിന് പിന്നില്‍ തീര്‍ച്ചയായും ശാരീരികമായോ മാനസികമായോ ഉള്ള കാരണങ്ങള്‍ ഉണ്ടാകാം. ഇവ കണ്ടെത്തി പരിഹരിക്കേണ്ടതും അനിവാര്യമാണ്.
യുവാക്കള്‍ക്ക് തിരിച്ചടിയാകുന്നത്…
യുവാക്കളില്‍ ഉദ്ധാരണക്കുറവ് ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളും വരാമെന്ന് പറഞ്ഞുവല്ലോ. ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് പോലുള്ള അടിസ്ഥാനപരമായ ജീവിതരീതികളെല്ലാം തന്നെ ലൈംഗികാരോഗ്യത്തെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കാം.
എന്നുപറഞ്ഞാല്‍ ഭക്ഷണത്തില്‍ ക്രമമില്ലാതാവുക, ക്രമേണ പോഷകാഹാരക്കുറവ് നേരിടുക- എല്ലാം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് പിന്നീട് ലൈംഗികാരോഗ്യത്തെയും പരോക്ഷമായി ദോഷമായി സ്വാധീനിക്കുകയും ചെയ്യാം.
ഏറ്റവും പ്രധാനമായി കായികാധ്വാനങ്ങളേതുമില്ലാത്ത ജീവിതരീതിയാണ് യുവാക്കള്‍ക്ക് വിനയാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വ്യായാമം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ കായികവിനോദങ്ങളിലോ കായികാധ്വാനത്തിലോ ദിവസവും അല്‍പസമയം മുഴുകണം. അല്ലാത്തപക്ഷവും ഉദ്ധാരണക്കുറവ് അടക്കം പല പ്രയാസങ്ങളും ഉണ്ടാകാം.
സ്ട്രെസ് ആണ് ആദ്യമോ സൂചിപ്പിച്ചത് പോലെ മറ്റൊരു വില്ലൻ. സ്ട്രെസ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികാരോഗ്യത്തെ ഒരുപോലെ ബാധിക്കുന്ന ഘടകമാണ്. പുരുഷന്മാരില്‍ സ്ട്രെസ് ഉദ്ധാരണക്കുറവിലേക്ക് നയിക്കാമെന്നതിനാല്‍ പുരുഷന്മാര്‍ ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കുക. യോഗ, മെഡിറ്റേഷൻ, ഇഷ്ടപ്പെട്ട വിനോദങ്ങളിലേര്‍പ്പെടല്‍, കലാ-കായിക വിനോദങ്ങള്‍, വ്യായാമം എല്ലാം സ്ട്രെസ് കുറയ്ക്കാൻ സഹായകമാണ്. ഒപ്പം തന്നെ സ്ട്രെസ് വരുന്ന സ്രോതസുകള്‍ തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കാനോ പ്രതിരോധിക്കാനോ എല്ലാം ശ്രമിക്കുകയും വേണം.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവയുടെയെല്ലാം അമിതോപയോഗവും വലിയ രീതിയില്‍ യുവാക്കളുടെ ലൈംഗികജീവിതത്തെ ബാധിക്കുന്നതായും പഠനങ്ങളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാല്‍ ഇവയുടെ ഉപയോഗത്തിലും പരിധി നിശ്ചയിച്ച് മുന്നോട്ട് പോവുക.
മാനസികാരോഗ്യപ്രശ്നങ്ങളാണ് അടുത്തതായി വരുന്ന തിരിച്ചടി. ഉത്കണ്ഠ,വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ന് ഏറെയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഉദ്ധാരണക്കുറവിലേക്ക് യുവാക്കളെ നയിച്ചേക്കാം. അതിനാല്‍ ഇക്കാര്യവും പ്രത്യേകമായി ശ്രദ്ധിക്കുക.
ചികിത്സ...
ഉദ്ധാരണക്കുറവ്, പ്രത്യേകിച്ച് യുവാക്കളിലേത് വളരെ ഫലപ്രദമായി ചികിത്സയിലൂടെ പരിഹരിക്കാൻ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ജീവിതരീതികളെല്ലാം മാറ്റി, ആരോഗ്യകരമാക്കിയെടുക്കാനാണ് ആദ്യമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക.
അതുപോലെ തന്നെ തെറാപ്പി, കഴിക്കാവുന്ന മരുന്നുകള്‍ എന്നിങ്ങനെയുള്ള ചികിത്സയാണ് ആദ്യഘട്ടത്തില്‍ വരിക. ഇതിന് ശേഷം അല്‍പം കൂടിആധുനികമായ ചികിത്സാരീതികളിലേക്ക് കടക്കും. ഇത് എല്ലാവര്‍ക്കും വേണ്ടിവരില്ല. കുറെക്കൂടി ഗൗരവതരമായ അവസ്ഥയുള്ളവര്‍ക്കാണ് സര്‍ജറി അടക്കമുള്ള ചികിത്സ വേണ്ടിവരാറ്. എന്തായാലും വലിയൊരളവ് വരെ ചികിത്സയ്ക്ക് ഫലം കാണാൻ കഴിയുമെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്.