അനുദിനം പുതിയ അപ്‌ഡേഷനുകൾ കൊണ്ടുവന്ന് ചാറ്റിങ് അനുഭവങ്ങള്‍ മികച്ചതാക്കുകയാണ് വാട്‌സ്ആപ്പ്. ഇപ്പോള്‍ കീബോര്‍ഡിലും മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് വാട്‌സ്ആപ്പ്. പുനരൂപകല്‍പ്പന ചെയ്ത കീബോര്‍ഡാണ് ഇനി ഉപയോക്താക്കൾക്ക് ലഭ്യമാവുക.
വാട്‌സ്ആപ്പ് ബില്‍ഡിലെ മാറ്റങ്ങള്‍ ട്രാക്ക് ചെയ്യുന്ന വബിറ്റല്‍ഇന്‍ഫോയാണ് ഈ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിലെ ഇമോജികള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ പുതിയ ഇമോജി കീബോര്‍ഡ് ബാര്‍ ഉപയോക്താക്കളെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഇമോജി വിഭാഗം ബാര്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കീബോര്‍ഡിന്റെ ഭാഗമാകും.
പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഗിഫ്, സ്റ്റിക്കര്‍ എന്നിവ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനുള്ള ടാബുകള്‍ മുകളിലേക്ക് നീക്കാം. ചാറ്റ് ബാറില്‍ വേറെയും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് പ്ലാന്‍ ചെയ്യുന്നുണ്ട്. ഡെസ്‌ക് ടോപ്പിന്റേയും ഐഒഎസിന്റെയും രീതിയില്‍ അറ്റാച്ച്‌മെന്റ് ഷെയറിങ് ബട്ടണ്‍, ഇമോജി കീബോര്‍ഡ് ബട്ടണ്‍ എന്നിവ ക്രമീകരിക്കാനാണ് പുതിയ നീക്കം. പുതിയ കീബോര്‍ഡ് അടുത്ത അപ്‌ഡേഷനില്‍ ലഭ്യമാവും.
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താനായി ആഗോളതലത്തില്‍ സുരക്ഷ സെന്ററുകള്‍ വാട്‌സ്ആപ്പ് ലഭ്യമാക്കിയിരിക്കുകയാണ്. വിലപ്പെട്ട വിവരങ്ങള്‍, സുരക്ഷാ നടപടികളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് എന്നിവയ്ക്കൊപ്പം അനാവശ്യ കോണ്‍ടാക്റ്റുകളിൽനിന്നും സ്പാം സന്ദേശങ്ങളിൽനിന്ന് സ്വയം രക്ഷനേടാനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. സെക്യൂരിറ്റി സെന്റര്‍ ഇംഗ്ലീഷിലും ഹിന്ദി, പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങിയ പത്ത് ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാക്കും.
സെക്യൂരിറ്റി സെന്റര്‍ അവതരിപ്പിക്കുന്നതിലൂടെ ആപ്പിനുള്ളില്‍ ലഭ്യമായിട്ടുള്ള പ്രൈവസി ക്രമീകരണങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കാനും അവരുടെ അക്കൗണ്ടുകളില്‍ കൂടുതല്‍ നിയന്ത്രണം എങ്ങനെ ഉറപ്പാക്കാമെന്നതിനെക്കുറിച്ചുള്ള അറിവ് നല്‍കാനുമാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. വ്യത്യസ്തമായ ഫീച്ചറുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍, സ്പാമിനെതിരെ സുരക്ഷ എന്നിവയാണ് ഉറപ്പാക്കുക. അറിയാത്ത വിദേശ നമ്പറുകളില്‍ നിന്നുള്ള സ്പാം കോളുകള്‍ നേരിട്ട ഉപയോക്താക്കളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വാട്‌സ് ആപ്പ് സുരക്ഷാ സെന്റര്‍ സ്ഥാപിക്കുന്നത്.