കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ശാസ്ത്ര ലോകത്തെ കുഴപ്പിച്ച ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയതായി ഗവേഷകര്‍

0
343

കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ സാധാരണയായി ഉന്നയിക്കുന്ന സംശയമാണ് കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന്. പലരും ചോദ്യത്തിന് ഉത്തരം കിട്ടാതെ പകച്ചുനിന്നിട്ടേയുള്ളു. ശാസ്ത്രലോകം തിരഞ്ഞു നടന്ന ആ ചോദ്യത്തിന്റെ ഉത്തരം കിട്ടിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍. ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഉത്തരം ലഭിച്ചതായി അവകാശപ്പെടുന്നത്. ഇവരുടെ കണ്ടുപിടുത്തമനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂര്‍വികര്‍ മുട്ടയിടുന്നതിനേക്കാള്‍ മുമ്പ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കാമെന്നാണ് കണ്ടെത്തല്‍.

കണ്ടുപിടിത്തത്തെ കുറിച്ച് വിശദമായി പഠിക്കുന്ന പഠനം ജേര്‍ണല്‍ നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ചു. അമ്‌നിയോട്ടുകളുടെ (മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കള്‍) അതിജീവന വിജയത്തില്‍ നിര്‍ണായകമായത് കടുപ്പമുള്ള തോടോടുകൂടിയുള്ള മുട്ടകളാണെന്ന നിലവിലുള്ള വിശ്വാസത്തെ വെല്ലുവിളിക്കുന്നതാണ് നാന്‍ജിംഗ് സര്‍വകലാശാലയിലെ ഗവേഷകരുമായി ചേര്‍ന്നുള്ള കണ്ടെത്തല്‍.

ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സസിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ കടുപ്പമുള്ളതും മൃദുവായതുമായ മുട്ടയിടുന്ന 51 സ്പീഷീസുകളുടെ ഫോസിലും 29 ജീവജാലങ്ങളെയും പഠനത്തിന് വിധേയമാക്കി. സസ്തനികള്‍, ലെപിഡോസൗറിയ (പല്ലികള്‍, മറ്റ് ഉരഗങ്ങള്‍), ആര്‍ക്കോസൗറിയ (ദിനോസറുകള്‍, മുതലകള്‍, പക്ഷികള്‍) എന്നിവയുള്‍പ്പെടെ അമ്‌നിയോട്ടയുടെ എല്ലാ വിഭാഗങ്ങളും വിവിപാരസ് അതായത് പ്രസവിക്കുന്ന ആണെന്നും അവയുടെ ശരീരത്തില്‍ ഭ്രൂണങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്നും പഠനം കാണിക്കുന്നു.

സസ്തനികള്‍ ഉള്‍പ്പെടെ അമ്‌നിയോട്ടയുടെ എല്ലാ വിഭാഗവും അവയുടെ ശരീരത്തില്‍ ഭ്രൂണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായും പഠനം തെളിയിച്ചു. കഠിനമായ പുറംതൊലിയുള്ള മുട്ട പലപ്പോഴും പരിണാമത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണെന്നും ആത്യന്തികമായി ഭ്രൂണത്തിന് സംരക്ഷണം നല്‍കാനാണെന്നും ഈ ഗവേഷണം സൂചിപ്പിക്കുന്നു. അമ്‌നിയോട്ടിക് മുട്ട, നിലവിലുള്ള ഉഭയജീവികളുടെ അനാമ്‌നിയോട്ടിക് മുട്ടയില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും പറയുന്നു.

ക്ലാസിക് ഉരഗമുട്ട മാതൃക ഇനി പ്രസക്തമല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ മൈക്കല്‍ ബെന്റണ്‍ പറഞ്ഞു. ആദ്യത്തെ അമ്‌നിയോട്ടുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ കുറച്ചോ കൂടുതലോ കാലത്തേക്ക് സംരക്ഷിച്ച് നിലനിര്‍ത്താന്‍ കഠിനമായ പുറംതൊലിയുള്ള മുട്ടയേക്കാള്‍ കൂടുതല്‍ ആശ്രയിച്ചിരുന്നത് ഉള്‍വശത്തെയായിരുന്നുവെന്നും പറയുന്നു.
ചിലപ്പോള്‍, അടുത്ത ബന്ധമുള്ള ജീവിവര്‍ഗ്ഗങ്ങള്‍ രണ്ട് സ്വഭാവങ്ങളും കാണിക്കുന്നു. പല്ലികള്‍ക്ക് ഊഹിച്ചതിലും വളരെ എളുപ്പത്തില്‍ മുട്ടയിടാന്‍ കഴിയുമെന്നും പ്രോജക്ട് ലീഡര്‍ പ്രൊഫസര്‍ ബായു ജിയാങ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here