ഉപ്പള; ഉപ്പള നഗരത്തിലെ ഒരു പ്രമുഖ ബേക്കറിയിൽ നിന്നുള്ള മലിന ജലം നഗരത്തിൽ ദുർഗന്ധത്തിനിടയാക്കുന്നു. അസഹ്യമായ ദുർഗന്ധം കാരണം കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാരും വ്യാപാരികളും മൂക്ക് പൊത്തി കഴിയേണ്ട സ്ഥിതിയിലാണുള്ളത്. അടുക്കളയിൽ നിന്നുള്ള മലിന ജല സംഭരണിയിൽ മലിന ജലം നിറഞ്ഞു കവിഞ്ഞതോടെ ബേക്കറിയുടെ പിറക് വശത്തെ പറമ്പിലെ പൊതുവഴിയിലൂടെ മലിന ജലം ഒഴുക്കിവിടാൻ തുടങ്ങിയതാണ് നഗരത്തിൽ അസഹ്യമായ ദുർഗന്ധത്തിന് ഇടയാക്കിയത്. പത്തോളം കുടുംബങ്ങൾ താമസിക്കുന്ന പൊതുവഴിയിലേക്ക് മലിന ജലം ഒഴുക്കിവിട്ടതോടെയാണ് നാട്ടുകാർ ഇക്കാര്യം അറിഞ്ഞത്.
ബേക്കറിക്കെതിരേ നാട്ടുകാർ പരാതി നൽകിയിട്ടും ഇത്തമൊരു ഗുരുതരമായ പ്രശ്നത്തെ ബന്ധപ്പെട്ട അധികാരികൾ ശക്തമായ നടപടി സ്വീകരിക്കാതെ താക്കീതിൽ ഒതുക്കിയതായും ആക്ഷേപമുണ്ട്. വിഷയം പരസ്യമായതോടെ പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി നോട്ടീസ് നൽകിയെങ്കിലും ഇപ്പോഴും സ്ഥാപനം പഴയതു പോലെ പ്രവർത്തിക്കുന്ന സ്ഥിതിയാണ്. പിന്നീട് ഹെൽത്ത് ഇൻസ്പെക്ടർ എത്തി സ്ഥിതിഗതികൾ പരിശോധിച്ച ശേഷം പ്രശ്നം ഗുരുതരമാണെന്ന് ബോധ്യമായതോടെ സ്ഥാപനം അടച്ച് പൂട്ടി നിലവിലെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് നാട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറിയും, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ ബോധ്യപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും നടപടി കടലാസിൽ മാത്രമെന്ന ആക്ഷേപം ശക്തമാണ്.
ചില രാഷ്ട്രീയ നേതാക്കളുടെ സ്വാധീനം ഉപയോഗപ്പെടുത്തി ബേക്കറിക്കെതിരേയുള്ള നടപടി ഒഴിവാക്കാൻ ശ്രമം നടത്തുന്നതായും സംസാരമുണ്ട്.